'സർക്കാർ എന്തിന് ഭയപ്പെടണം', ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗങ്ങൾ പുറത്തുവരുന്നതിൽ ആശങ്കയില്ലെന്ന് മന്ത്രി

Saturday 07 December 2024 5:35 PM IST

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗങ്ങൾ പുറത്തുവരുന്നതിൽ സർക്കാരിന് ആശങ്കയില്ലെന്ന് മന്ത്രി സജി ചെറിയാൻ. വിവരങ്ങൾ പുറത്തുവിടാൻ കോടതിയും കമ്മിഷനും ആവശ്യപ്പെട്ടാൽ സർക്കാരിന് ഒരു എതിർപ്പുമില്ലെന്നും മന്ത്രി പറഞ്ഞു.

'സർക്കാർ എന്തിന് ഭയപ്പെടണം? എല്ലാ കാര്യങ്ങളും പുറത്തുവരണം. ആദ്യഘട്ടത്തിൽ മാദ്ധ്യമപ്രവർത്തകർ തന്നെയാണ് ഒരുപാട് സംഭവങ്ങൾ ഉണ്ടെന്ന് പറഞ്ഞത്. പുറത്തുവിട്ടപ്പോൾ അതൊന്നും വന്നില്ല. റിപ്പോർ‌ട്ടിനകത്ത് എന്തെങ്കിലും ഉണ്ടോയെന്ന് അറിയില്ല. ഞാൻ വായിച്ചിട്ടില്ല. ആരെങ്കിലും നിയമനടപടി സ്വീകരിച്ച് അത് പുറത്തുകൊണ്ടുവരുന്നെങ്കിൽ അങ്ങനെ നടക്കട്ടെ. സർക്കാർ എന്തിന് പ്രതിരോധത്തിലാകണം?

കേരളത്തിലെ സിനിമാരംഗത്ത് നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഡബ്ള്യുസിസി നൽകിയ അപ്പീലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിക്കുന്നത്. ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ഇതുപോലെ ഒരു നടപടി ഉണ്ടായിട്ടില്ല. സർക്കാർ എല്ലാ നടപടിയും സ്വീകരിക്കുന്നുണ്ട്. സർക്കാരിന്റ ഭാഗത്തുനിന്ന് ഒരു വീഴ്‌ചയും ഉണ്ടായിട്ടില്ല'- മന്ത്രി വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ഒഴിവാക്കിയ ഭാഗങ്ങൾ ഇന്ന് പുറത്തുവിടുമെന്ന് അറിയിച്ചിരുന്നെങ്കിലും പുറത്തുവന്നിരുന്നില്ല. വിവരാവകാശ കമ്മിഷന് ഒരു പരാതി ലഭിച്ചതിനാലാണ് ഒഴിവാക്കിയ ഭാഗങ്ങൾ പുറത്തുവിടാത്തത്. ഇവ കമ്മിഷൻ പരിശോധിച്ചുവരികയാണ്. ഇതിനുശേഷമായിരിക്കും സർക്കാർ ഒഴിവാക്കിയ ഭാഗങ്ങൾ പുറത്തുവിടുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുക.

വിവരാവകാശനിയമ പ്രകാരം അപ്പീൽ നൽകിയ മാദ്ധ്യമ പ്രവർത്തകർക്ക് പതിനൊന്നുമണിക്ക് റിപ്പോർട്ട് കൈമാറുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അവസാന നിമിഷമാണ് പരാതി കിട്ടിയത്. 49 മുതൽ 53 വരെയുള്ള പേജുകളായിരുന്നു ഒഴിവാക്കിയിരുന്നത്.