പത്തനംതിട്ടയിൽ എഎസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി

Saturday 07 December 2024 10:29 PM IST

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ എഎസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി. ഇന്റലിജൻസ് വിഭാഗത്തിലെ എഎസ്ഐ പത്തനംതിട്ട എസ്പി ഓഫീസിൽ ജോലി ചെയ്തിരുന്ന അടൂർ പോത്രാട് സ്വദേശി കെ.സന്തോഷിനെയാണ് (48) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അബാൻ ജംഗ്ഷന് സമീപം അഭിഭാഷകരുടെ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ടെറസിലെ ഹാംഗറിൽ ഇന്ന് വൈകിട്ട് 5.30ന് ആണ് മൃതദേഹം കണ്ടത്. സാമ്പത്തികബാദ്ധ്യത കാരണം ജീവനൊടുക്കിയതാണെന്നാണ് നിഗമനം.

രണ്ട് ദിവസമായി ഇദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം മകനെയും കൂട്ടിയാണ് സന്തോഷ് പത്തനംതിട്ടയിൽ എത്തിയത്. മകനെ സമീപത്തെ ലോഡ്ജ് മുറിയിൽ ഇരുത്തിയ ശേഷം പുറത്തേക്ക് പോയ സന്തോഷിനെ പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തിയത്. അടുത്ത കാലത്താണ് സന്തോഷ് വീട് പണിതത്. കടുത്ത സാമ്പത്തിക ബാദ്ധ്യതയിലായിരുന്നുവെന്ന് വിവരമുണ്ട്.