'ഫിറ്റെന്ന്" കെ.എസ്.ആർ.ടി.സി വാർദ്ധക്യത്തിൽ ബസുകൾ

Sunday 08 December 2024 12:24 AM IST

ഭൂരിഭാഗവും കാലം കഴിഞ്ഞവ

തിരുവനന്തപുരം: 20 വ‍ർഷത്തോളം പഴക്കമുള്ള ഓർഡിനറി ബസുകൾ. സൂപ്പർക്ലാസിന് പത്തുവർഷം കഴിഞ്ഞവ. ഇത്രമേൽ പഴക്കമുള്ള കെ.എസ്.ആർ.ടി.സി ബസുകളാണ് നമ്മുടെ നിരത്തുകളിലൂടെ ചീറിപ്പായുന്നത്. ഈ വാഹനങ്ങൾക്കെല്ലാം ഫിറ്റ്‌നസ് ഉണ്ടെന്നാണ് കോർപ്പറേഷന്റെ അവകാശവാദം. എന്നാൽ ബസുകൾക്ക് തീ പിടിക്കുന്നതും ഒരിടിയിൽ ടയറുകൾ അപ്പാടെ ഊരി തെറിക്കുന്നതുമായ സംഭവങ്ങൾ സൂചിപ്പിക്കുന്നത് ബസുകളുടെ പ്രായാധിക്യമാണ്.

അഞ്ചുവർഷം സൂപ്പർക്ലാസ് സർവീസിന് (ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലേക്ക്) ഉപയോഗിക്കുന്ന വാഹനങ്ങൾ അതിനുശേഷം ഓർഡിനറി സർവീസിലേക്ക് മാറ്റണമെന്നാണ് നിയമം. പരമാവധി 15 വർഷം വരെ ഓർഡിനറി സർവീസ് നടത്താം. സൂപ്പർ ക്ലാസിലെ ഒരു ബസ് ഓർഡിനറിയാക്കി മാറ്റുമ്പോൾ പകരം പുതിയ ബസ് എത്തണം. എന്നാൽ അതുണ്ടാകുന്നില്ല. അപ്പോൾ ചെയ്യുന്നതാണ് കാലാവധി നീട്ടി നൽകൽ. പുതിയ ബസ് വാങ്ങുന്ന പദ്ധതി എങ്ങുമെത്താതായതോടെയാണ് പഴഞ്ചൻ വണ്ടികളെ പണിത് പണിത് നിരത്തിലിറക്കാൻ മാനേജ്മെന്റ് നിർബന്ധിതമായത്. ബസ് വാങ്ങാൻ ആദ്യം കിഫ്ബി പണം അനുവദിക്കുമെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് ഫണ്ട് സർക്കാർ അനുവദിക്കുമെന്നായി. എന്നാൽ അതുണ്ടായില്ല.

ഫണ്ട് അനുവദിച്ചു,​

പക്ഷേ നൽകിയില്ല

2023 ജൂണിൽ പുതിയ ബസുകൾ വാങ്ങാൻ കിഫ്ബി 814 കോടി രൂപ അനുവദിച്ചിരുന്നു. പുതിയ ടെൻഡറിലൂടെ ബസുകൾ വാങ്ങുന്നതിനുപകരം അശോക് ലൈലാൻഡ് കമ്പനിക്ക് നേരത്തെ നൽകിയ ടെൻഡറിൽ 469 ഡീസൽ ബസുകൾ വാങ്ങാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. എന്നാൽ അത് നടന്നില്ല. കെ.ബി.ഗണേശ്‌കുമാർ മന്ത്രിയായ ശേഷം 92 കോടി രൂപ സർക്കാർ ഫണ്ട് കിട്ടുമെന്ന പ്രതീക്ഷയിൽ 555 ബസുകൾ പുതുതായി വാങ്ങാൻ പദ്ധതി തയ്യാറാക്കി. ഒരു കോടി പോലും കിട്ടിയില്ല. പിന്നീട് 265 ബസുകൾ വാങ്ങാൻ ടെൻ‌ഡർ വിളിച്ചു.

കാലാവധി കഴിഞ്ഞ ഓർഡിനറി ബസുകൾ- 2340

ഏറ്റവും ഒടുവിൽ കാലാവധി നീട്ടി കൊടുത്തവ- 1117 (സെപ്തംബറിൽ)

 സൂപ്പർ ക്ലാസിൽ 5 വർഷം കഴിഞ്ഞവ- 1450

 10 വർഷം കഴിഞ്ഞവ- 159