ഭക്തിയുടെ നിറവിൽ അമേരിക്കയിലെ ശിവഗിരി ആശ്രമത്തിന് ശിലാന്യാസം
ശിവഗിരി: നോർത്ത് അമേരിക്കയിലെ ശിവഗിരി ആശ്രമത്തിന്റെ ശിലാന്യാസം ഭക്തിനിർഭരമായ ചടങ്ങുകളോടെ ചിങ്ങം ഒന്നിന് ചതയം നക്ഷത്രത്തിൽ നടന്നു. ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്‌കൂൾ ഒഫ് വേദാന്തയുടെ മുഖ്യാചാര്യൻ സ്വാമി മുക്താനന്ദ എന്നിവരുടെ കാർമ്മികത്വത്തിലായിരുന്നു ശിലാന്യാസം. ടെക്‌സാസിലെ ഡാളസ് നഗരത്തോട് ചേർന്ന് ഗ്രാന്റ് പ്രയറിയിൽ മൂന്നര ഏക്കറിലാണ് ശാഖാ ആശ്രമം സ്ഥാപിക്കുന്നത്. അമേരിക്കയിലെ വിവിധയിടങ്ങളിലുള്ള ഗുരുമന്ദിരങ്ങളിലെ ആസ്ഥാനമായി ഇവിടം മാറും.
ഇന്ത്യയ്‌ക്ക് പുറത്ത് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ആരംഭിക്കുന്ന ആദ്യ ആശ്രമമാണിത്. ഡാളസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 15 മിനിട്ട് ദൂരത്തിലാണ് ആശ്രമസമുച്ചയം നിർമ്മിക്കുന്നത്. ഒന്നാംഘട്ടത്തിൽ 6000 ചതുരശ്രയടിയിലാണ് മന്ദിരം നിർമ്മിക്കുന്നത്. ഗുരുമന്ദിരം, അതിഥി മുറികൾ, പ്രാർത്ഥനാലയം, ലൈബ്രറി, യോഗ ധ്യാന കേന്ദ്രം, പ്രസിദ്ധീകരണ വിഭാഗം എന്നിവയുമുണ്ടായിരിക്കും. ഇവിടെ താമസിച്ച് ഗുരുദേവ ദർശനത്തിൽ ഗവേഷണം നടത്തുന്നതിന് സൗകര്യമൊരുക്കും.
ഫിലാഡെൽഫിയ, ഹൂസ്റ്റൺ എന്നിവിടങ്ങളിലും ഗുരുമന്ദിരങ്ങളുണ്ട്. ന്യൂയാർക്കിലും അമേരിക്കയിലെ ഇതര സംസ്ഥാനങ്ങളിലും ഗുരുമന്ദിരങ്ങൾ യാഥാർത്ഥ്യമാകുമെന്ന് ആശ്രമ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന സ്വാമി ഗുരുപ്രസാദ് പറഞ്ഞു. രാവിലെ 9ന് ആശ്രമഭൂമിയിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ഭദ്രദീപപ്രകാശനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഗുരുദേവ കൃതികളുടെ പാരായണം, മഹാഗുരുപൂജ, ശാന്തിഹവന മഹായജ്ഞം എന്നിവയും നടന്നു. 12.30നായിരുന്നു ശിലാസ്ഥാപനം. തുടർന്ന് ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണിയുമുണ്ടായിരുന്നു.
ഉച്ചയ്ക്ക് ഗുരുപൂജ പ്രസാദം വിതരണം ചെയ്തു. വൈകിട്ട് സാംസ്‌കാരിക സമ്മേളനത്തിൽ മുംബയ് ശ്രീനാരായണ മന്ദിരസമിതി ചെയർമാൻ എം.ഐ. ദാമോദരൻ, മന്ദിരസമിതി ഇന്റർനാഷണൽ കോ - ഓർഡിനേറ്റർ ചന്ദ്രബാബു, ആലുമൂട്ടിൽ ശിവദാസൻ മാധവൻ ചാന്നാർ തുടങ്ങിയവർ സംസാരിച്ചു. ശിലാന്യാസ ചടങ്ങിൽ അമേരിക്കയിലെ ഗുരുദേവ ഭക്തരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും സംബന്ധിച്ചു. ഡാളസിലെ ആശ്രമബന്ധുക്കൾ നേതൃത്വം നൽകിയ വൈവിദ്ധ്യമാർന്ന കലാപരിപാടികൾക്ക് ശേഷം സമൂഹ സദ്യയും നടന്നു.