നിരക്ക് വർദ്ധന അനിവാര്യം: കെ.എസ്.ഇ.ബി

Sunday 08 December 2024 1:59 AM IST

തിരുവനന്തപുരം: നടപ്പു സാമ്പത്തികവർഷം തീരുമ്പോൾ 7732.32കോടി രൂപയുടെ ബാദ്ധ്യതയുണ്ടാകുമെന്നും അതിൽ നിന്ന് കരകയറാൻ നിരക്ക് വർദ്ധന അനിവാര്യമാണെന്നും കെ.എസ്.ഇ.ബി. 2016ലെ ദേശീയ വൈദ്യുതി നയമനുസരിച്ച് ബാദ്ധ്യതകൾ ഏഴ് വർഷം കൊണ്ട് അതിന്റെ പലിശ ഉൾപ്പെടെ നികത്തിയെടുക്കേണ്ടതാണ്. മുൻകാല കമ്മി നികത്തിയില്ലെങ്കിൽ സ്ഥാപനത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും. നിയമാനുസൃതമായ ചെലവുകൾ നിറവേറ്റുന്നതിനും സ്ഥാപനത്തിന്റെ സുസ്ഥിരമായ നിലനിൽപ്പിനും വേണ്ടിയാണ് താരിഫ് പരിഷ്‌കരണമെന്ന് വാർത്താകുറിപ്പിൽ പറയുന്നു.