വൈദ്യുതി നിരക്ക് വർദ്ധന: യു.ഡി.എഫ് സമരത്തിലേക്ക്

Sunday 08 December 2024 2:08 AM IST

കൊച്ചി: വൈദ്യുതി നിരക്ക് വർദ്ധന പിൻവലിച്ചില്ലെങ്കിൽ യു.ഡി.എഫ് പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വൈദ്യുതി ബോർഡിലെ അനാസ്ഥയ്‌ക്കും അഴിമതിക്കും സാധാരണക്കാരായ ഉപഭോക്താക്കളെ ഇരയാക്കരുതെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ അഞ്ചു തവണയാണ് നിരക്ക് വർദ്ധിപ്പിച്ചത്.

ഉമ്മൻ ചാണ്ടി സർക്കാർ 25 വർഷത്തേക്ക് ഒരു യൂണിറ്റ് വൈദ്യുതി 4.29 രൂപയ്ക്ക് വാങ്ങാൻ കരാറുണ്ടാക്കി. 7വർഷത്തോളം കരാർ പ്രകാരം വൈദ്യുതി വാങ്ങി. രണ്ടു വർഷം മുമ്പ് സർക്കാർ കരാർ റദ്ദാക്കി,​ 6മുതൽ 12 വരെ രൂപ നൽകിയാണ് വാങ്ങുന്നത്. ഒരു ദിവസം ഇതിലൂടെ 15 മുതൽ 20 കോടി വരെ ബോർഡിന് നഷ്ടമാകുന്നു. യു.ഡി.എഫ് കാലത്ത് ലാഭത്തിലായിരുന്ന ബോർഡ് 2024ൽ 45,000 കോടി കടത്തിലായി.

വയനാട് പുനരധിവാസം വൈകുന്നതിന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഉത്തരവാദികളാണ്. കേന്ദ്രം പണം നൽകുന്നില്ല, സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നുമില്ലെന്ന് സതീശൻ പറഞ്ഞു.