ഗെയിം  കളിക്കാൻ ഫോൺ നൽകിയില്ല; 14കാരൻ അമ്മയെ കുത്തി 

Sunday 08 December 2024 5:08 PM IST

കോഴിക്കോട്: ഗെയിം കളിക്കാൻ മൊബെെൽ ഫോൺ നൽകാത്തതിന് പതിനാലുവയസുകാരൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മൊബെെൽ ഗെയിമിന് അടിമയാണ് മകനെന്നാണ് ലഭിക്കുന്ന വിവരം. പതിനാലുകാരൻ പഠനം അവസാനിപ്പിച്ചിരുന്നു. ഫോണിൽ നെറ്റ് തീർന്നതിനെ തുടർന്ന് റീചാർജ് ചെയ്തു തരാൻ അമ്മയോട് ആവശ്യപ്പെട്ടിരുന്നു.

റീച്ചാർജ് ചെയ്യില്ലെന്ന് പറഞ്ഞപ്പോൾ ഗെയിം കളിക്കാൻ അമ്മയുടെ ഫോൺ ആവശ്യപ്പെട്ടു. ഇതിന് തയാറാകാത്തതിനെ തുടർന്നാണ് ഉറങ്ങിക്കിടന്ന അമ്മയെ കത്തികൊണ്ട് കുത്തിയത്. പരിക്കേറ്റ അമ്മയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. പയ്യോളി പൊലീസ് അമ്മയുടെയും കുട്ടിയുടെയും മൊഴിയെടുത്തു.