'ഏയ് ഓട്ടോ' ക്യാമ്പിൽ 824 പേർക്ക് സാന്ത്വനം

Sunday 08 December 2024 7:55 PM IST

കൊച്ചി: ഓട്ടോറിക്ഷ തൊഴിലാളികൾക്കായി ഹൈബി ഈഡൻ എം.പി. സംഘടിപ്പിക്കുന്ന ഏയ് ഓട്ടോ വെൽനെസ് ക്യാമ്പിന്റെ ആദ്യ ക്യാമ്പിൽ 824 പേർ പങ്കെടുത്തു. ടൗൺഹാളിലെ ക്യാമ്പിൽ എറണാകുളം നഗരം, വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി, ചിറ്റൂർ, ചേരാനല്ലൂർ പ്രദേശങ്ങളിലെ ഓട്ടോ തൊഴിലാളികളാണ് പങ്കെടുത്തത്. ബി.പി.സി.എൽ കൊച്ചിയുടെ സി.എസ്.ആർ പിന്തുണയോടെ ഇടപ്പള്ളി ഫ്യൂച്ചറേസ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് പദ്ധതി.

ജീവിതശൈലീ രോഗനിർണയത്തിന് രക്തസാമ്പിളുകൾ ക്യാമ്പിൽ ശേഖരിച്ചു. പരിശോധനാഫലം ഓരോരുത്തരുടെയും വാട്ട്‌സ് അപ്പിൽ ലഭ്യമാക്കും. ദന്ത,കാഴ്ച,കേൾവി പരിശോധനയ്ക്കും ക്യാമ്പിൽ സൗകര്യമൊരുക്കി. കണ്ണട ആവശ്യമായവരുടെ വിവരങ്ങളും ശേഖരിച്ചു. തൊട്ടടുത്ത ദിവസം തന്നെ കണ്ണടകൾ വിതരണം ചെയ്യുമെന്ന് ഹൈബി അറിയിച്ചു. മറ്റ് 6 ഇടങ്ങളിൽ മികച്ച രീതിയിൽ തന്നെ ഉടൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് എം.പി. പറഞ്ഞു. ടി.ജെ. വിനോദ് എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.