റാവിസ് ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സിന്റെ പ്രമോഷൻ വീഡിയോ അവതരിപ്പിച്ചു

Monday 19 August 2019 5:03 AM IST

തിരുവനന്തപുരം: കേരളത്തിന്റെ തനത് പഞ്ചനക്ഷത്ര ഹോട്ടൽ ശൃംഖലയായ റാവിസ് ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സിന്റെ പ്രമോഷൻ വീഡിയോ - 'ലേക്ക് ആൻഡ് ബീച്ച് എക്‌സ്‌റ്റസി"യുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. കേരളത്തിന്റെ ടൂറിസം പുത്തൻ ഉണർവിന്റെ പാതയിലാണെന്നും സർക്കാരും സ്വകാര്യ സംരംഭകരും ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ ഈ വികസനത്തിന് കൂടുതൽ ശക്തിപകരുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ കായലുകൾ, കടപ്പുറങ്ങൾ, മലനിരകൾ, ഹൗസ് ബോട്ടുകൾ, നാടൻ ഭക്ഷണ വിഭവങ്ങൾ എന്നിവയ്ക്ക് പുറമേ പൈതൃകവും സംസ്‌കൃതിയും ആയുർവേദവും സമന്വയിപ്പിച്ച് സഞ്ചാരികളായ ഒരു കുടുംബത്തിന്റെ ഗൃഹാതുരത്വം ഉണർത്തുന്ന കാഴ്‌ചപ്പാടിലൂടെയാണ് റാവിസ് ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സിന്റെ പുതിയ പ്രമോഷൻ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. റാവിസ് അഷ്‌ടമുടി, ലീല റാവിസ് കോവളം, റാവിസ് കടവ്, റാവിസ് കോഴിക്കോട് തുടങ്ങിയ പഞ്ചനക്ഷത്ര ഹോട്ടലുകൾ അടങ്ങിയ ശൃംഖലയാണ് കൊല്ലം ആസ്ഥാനമായുള്ള റാവിസ് ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ്.

റാവിസ് ഹോട്ടൽസ് ജനറൽ മാനേജർ ഓപ്പറേഷൻസ് അനിൽ ജോർജ്, ജനറൽ മാനേജർ ബിസിനസ് എക്‌സലൻസ് അജിത് നായർ, അഡ്‌മിനിസ്‌ട്രേഷൻ മാനേജർ ജയപ്രകാശ് ചെമ്പത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.