കരാട്ടെയിൽ ഒരു 'ബ്ളാക്ക് ബെൽറ്റ്' ഫാമിലി!

Monday 09 December 2024 12:34 AM IST
നൈസാമും കുടുംബവും

കൊല്ലം: അച്ഛനും അമ്മയും രണ്ട് മക്കളും കരാട്ടെക്കാർ. നാലുപേരും ബ്ളാക്ക് ബെൽറ്റ്! കടപ്പാക്കട ജനയുഗം നഗർ 54 ലെ തങ്ങൾസ് വീട്ടിൽ നൈസാം മാസ്റ്ററും കുടുംബവുമാണ് കരാട്ടെ ലോകത്ത് 'കുടുംബാധിപത്യം' ഉറപ്പിച്ചിരിക്കുന്നത്.

1995 ൽ നൈസാമും (49) 2014 ൽ മകൻ ആദിൽ നൈസാമും (19) 2018 ൽ മകൾ അലിസ നൈസാമും (13) 2019 ൽ ഭാര്യ സുമിയാതങ്ങളും (44) ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കി. 33 വർഷമായി നൈസാം കരാട്ടെ രംഗത്തുണ്ട്. ലോക കരാട്ടെ സംഘടനയായ ഡബ്ല്യു.കെ.എഫിന്റെ ഗ്രാൻഡ് മാസ്റ്റർ (ഹാൻഷി) പദവിയും ഏറ്റവും ഉയർന്ന ഡിഗ്രിയായ എട്ടാമത് ബ്ലാക്ക് ബെൽറ്റും ഈ വർഷം അദ്ദേഹത്തെ തേടിയെത്തി. ഏഷ്യൻ കരാട്ടെ ഫെഡറേഷൻ ജഡ്ജ് കൂടിയായ നൈസാം, ഒളിമ്പിക് ചാമ്പ്യൻ റിയോ ക്യൂണയിൽ നിന്ന് ജപ്പാൻ ഒളിമ്പിക് കോച്ച് സൂഗോ സക്കുമോട്ടോയിൽ നിന്നും വിദഗ്ദ്ധ പരിശീലനവും നേടിയിട്ടുണ്ട്.

കളരിയിലായിരുന്നു നൈസാമിന്റെ തുടക്കം. 17 -ാം വയസിലാണ് കരാട്ടെയോട് കൂട്ടുകൂടുന്നത്. 1995 ൽ കരുനാഗപ്പള്ളി തഴവയിലെ കരാട്ടെ സ്കൂളിൽ പഠിപ്പിക്കാൻ തുടങ്ങി. 2014 മുതൽ സ്വന്തമായി കരാട്ടെ ക്ലാസ് ആരംഭിച്ചു. 2018 മുതൽ ഇന്റർനാഷണൽ അഫിലിയേഷനോടെയായി പ്രവർത്തനം. നൈസാമിന്റെ ഉടമസ്ഥതയിൽ ജില്ലയിലുള്ള 38 കരാട്ടെ സെന്ററുകളിലായി 1000 ൽ അധികം

പേർ കരാട്ടെ പഠിക്കുന്നുണ്ട്.

കല്യാണ ശേഷം സുമിയയും

മക്കൾ 2 പേരും ചെറു പ്രായത്തിൽത്തന്നെ കരാട്ടെ പഠിച്ചു തുടങ്ങി. 2003ൽ വിവാഹം കഴിഞ്ഞെങ്കിലും സുമിയാതങ്ങൾ മകളുടെ ജനനശേഷമാണ് കരാട്ടെ പഠിക്കുന്നത്. ആദ്യം അല്പം ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീട് ആവേശമായെന്ന് സുമിയ പറയുന്നു. ഇന്ന് തിരക്കേറിയ പരിശീലകയാണ് സുമിയ. ആദിലും അലിസയും ദേശീയ, സംസ്ഥാന കരാട്ടെ താരങ്ങളാണ്. പെരുമൺ എൻജിനീയറിംഗ് കോളേജിലെ ഒന്നാംവർഷ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥിയാണ് ആദിൽ. ഉളിയക്കോവിൽ സിറ്റി സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് അലിസ.