3 ​മാ​സ​ത്തി​നി​ടെ​ ക​ട​ത്തി​; 2,500​ ​ടൺ റേ​ഷ​ന​രി​ ,​കടത്തുസംഘങ്ങൾ വീണ്ടും സജീവം

Monday 09 December 2024 1:04 AM IST

തിരുവനന്തപുരം: കഴിഞ്ഞ മൂന്നു മാസത്തിനിടെ 2,500 ടൺ റേഷനരിയെങ്കിലും കരിഞ്ചന്തയിലേക്ക് കടത്തിയതായി സിവിൽ സപ്ലൈസ് വിജിലൻസ് വിഭാഗം സംശയിക്കുന്നു. സിവിൽ സപ്ളൈസിന്റെ നിയന്ത്രണത്തിലുള്ള എല്ലാ എൻ.എഫ്.എസ്.എ ഗോഡൗണുകളും റേഷൻകടകളും കേന്ദ്രീകരിച്ച് പരിശോധന നടത്താൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു.

കോന്നിയിലെ ഗോഡൗണിൽ നിന്ന് 94.3 ടൺ അരിയും ദേവികുളത്തെ പെട്ടിമുടിയിൽ നിന്നു 10 ടൺ അരിയും തിരുനെല്ലിയിൽ നിന്നു 30 ചാക്ക് അരിയും കടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് സംസ്ഥാനത്തെ എല്ലാ ഗോഡൗണുകളിൽ നിന്നും വിജിലൻസ് വിഭാഗം രഹസ്യമായി വിവരശേഖരണം നടത്തിയത്. 83 ഗോഡൗണുകളിൽ ഭൂരിഭാഗവും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ചില ഗോഡൗണുകളിൽ നിന്ന് ജീവനക്കാരുടെ സഹായത്തോടെ ഇടനിലക്കാർ വഴി അരി കരിഞ്ചന്തയിലേക്ക് എത്തുന്നുവെന്നാണ് കണ്ടെത്തിയത്.

കോന്നിയിൽ നിന്നു അരി ചങ്ങാനാശ്ശേരിയിലേക്കാണ് കടത്തിയത്. ഇടമലക്കുടിയിലെ ഗോത്രവർഗക്കാർക്ക് നൽകാനുള്ള റേഷനരിയിൽ നിന്നാണ് 10 ടൺ കടത്തിയത്. തിരുനെല്ലിയിൽ സ്വകാര്യകടയിൽ സൂക്ഷിച്ചിരുന്ന റേഷനരി ഭക്ഷ്യസുരക്ഷാകമ്മിഷൻ അംഗം വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ പിടിച്ചെടുക്കുകയായിരുന്നു.

കാർഡ് ഉടമകൾക്ക് റേഷൻകടകളിൽ നിന്നു ലഭിച്ച സാധനങ്ങൾ തൂക്കി നോക്കുന്നത് അടക്കമുള്ള

നടപടികളിലേക്ക് കടക്കാൻ പൊതുവിതരണ കമ്മിഷണർ ഉദ്യോഗസ്ഥർക്ക് നിർദശം നൽകിയത് വിജിലൻസ് വിഭാഗത്തിന്റെ നിർദേശത്തെ തുടർന്നാണ്.

 വകുപ്പ്തലത്തിൽ ഒതുക്കും

അരികടത്ത് കണ്ടെത്തിയാലും വകുപ്പുതല നടപടി മാത്രമാണ് ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കുന്നത്. പൊലീസ് കേസിലേക്ക് പോകാറില്ല. കോന്നിയിൽ നിന്ന് അരി കടത്തിയതിന് ഒരു ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. രണ്ടുപേരെ സ്ഥലം മാറ്റി. ഇടമലക്കുടിയിലെ കടത്തിൽ രണ്ടു പേരെ ചുമതലയിൽ നിന്നു നീക്കി. ഇതാണ് നടപടി.

 റേഷനരി തിരിച്ചറിയാം

പൊതുവിപണിയിൽ റേഷനരി എങ്ങനെ രൂപം മാറ്റിയെത്തിയാലും വിദഗ്ധമായി പരിശോധിച്ചാൽ കണ്ടെത്താനാകും.

റേഷൻ അരി സമ്പുഷ്ടീകരിച്ചതാണ് (ഫോർട്ടിഫൈഡ്). വിപണിയിലെ അരി അങ്ങനെയുള്ളതല്ല. തിരുനെല്ലിയിലെ കടയിൽ കണ്ടെത്തിയത് റേഷനരിയാണെന്ന് തിരിച്ചറിഞ്ഞത് അത് സമ്പുഷ്ടീകരിച്ചതാണെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെയാണ്. അത്തരം പരിശോധനകൾ സംസ്ഥാന വ്യാപകമായി നടത്താറില്ല.