ബി.എ എൽ.എൽ.ബിക്ക് സാദ്ധ്യതയേറുന്നു

Monday 09 December 2024 1:21 AM IST

ഡോ.ടി.പി. സേതുമാധവൻ

അഞ്ചു വർഷ ഇന്റഗ്രേറ്റഡ് നിയമ ബിരുദ കോഴ്‌സുകൾക്ക് സാദ്ധ്യതയേറുന്നു. ബി.എ എൽ.എൽ.ബി പ്രോഗ്രാമിനാണ് കൂടുതൽ വിദ്യാർത്ഥികൾക്കും താത്പര്യം. സോഷ്യൽ സയൻസും നിയമവും പഠിക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കും. ക്രിട്ടിക്കൽ തിങ്കിംഗ്, അനലിറ്റിക്കൽ സ്‌കിൽസ്, പ്രോബ്ലം സോൾവിംഗ് തുടങ്ങിയ കാര്യങ്ങൾ വിശകലനം ചെയ്യാനുള്ള പ്രാവീണ്യം കോഴ്‌സ് പ്രദാനം ചെയ്യും.

പ്ലസ് ടുവിന് 55 ശതമാനം മാർക്കോടെ പ്രവേശന പരീക്ഷയിലൂടെ അഡ്മിഷൻ നേടാം. കേരളത്തിലെ ലോ കോളേജ് പ്രവേശനത്തിന് KLEE -കേരള ലാ കോളേജ് എൻട്രൻസ് ടെസ്റ്റുണ്ട്. രാജ്യത്തെ 26 ഓളം നാഷണൽ ലാ സ്‌കൂളുകളിൽ CLAT - കോമൺ ലാ എൻട്രൻസ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. രാജ്യത്തെയും വിദേശത്തെയും നിയമ സ്‌കൂളുകളിൽ പ്രവേശനത്തിന് LSAT - ലാ സ്‌കൂൾ അഡ്മിഷൻ ടെസ്റ്റ് ഇന്ത്യ, ഗ്ലോബൽ പരീക്ഷകളുണ്ട്. ഇത് കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ ലാ കോളേജുകളിലേക്കും പ്രത്യേകം പരീക്ഷകളുണ്ട്.

ബ്യൂട്ടി, വെൽനെസ്സ് & ഡൈറ്റിറ്റിക്‌സ് കോഴ്‌സുകൾ

ഏറെ സാദ്ധ്യതയുള്ള കോഴ്‌സുകളാണ് കോസ്‌മെറ്റോളജി, ഡയറ്റിറ്റിക്‌സ് എന്നിവ. സ്വയം തൊഴിൽ സാദ്ധ്യതകളുമുണ്ട്. പുണെയിലെ സിംബയോസിസ് സ്‌കിൽസ് ആൻഡ് പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിൽ പ്ലസ് ടു പൂർത്തിയാക്കിയവർക്ക് ബി.എസ്‌‌സി ബ്യൂട്ടി ആൻഡ് വെൽനെസ്സ്, ന്യൂട്രിഷണൽ സയൻസസ് ആൻഡ് ഡയറ്റിറ്റിക്‌സ് പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. എം.എസ്‌സി ന്യൂട്രിഷണൽ സയൻസസ് ആൻഡ് ഡയറ്റിറ്റിക്‌സ് പ്രോഗ്രാമും ഇവിടെയുണ്ട്. സ്‌കിൽ വികസനത്തിനും ഇന്റേൺഷിപ്പിനും പ്ലേസ്‌മെന്റിനും പ്രാധാന്യം നൽകുന്ന കോഴ്‌സാണിത്. മെറിറ്റ് വിലയിരുത്തി സ്‌കോളർഷിപ്പും ലഭിക്കും. ഓൺലൈനായി അപേക്ഷിക്കാം.www.sspu.ac.in

മികച്ച തൊഴിലിന് NTTF കോഴ്‌സുകൾ

തലശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നെട്ടൂർ ടെക്‌നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷൻ NTTF നിരവധി സ്‌കിൽ വികസന കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു, പ്ലസ് ടു പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇൻ ടൂൾ എൻജിനിയറിംഗ് ആൻഡ് ഡിജിറ്റൽ മാനുഫാക്ച്ചറിംഗ്, ഡിപ്ലോമ ഇൻ ഇലക്ട്രോണിക്‌സ് ആൻഡ് എംബെഡെഡ് സിസ്റ്റംസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എൻജിനിയറിംഗ് ആൻഡ് ഐ.ടി ഇൻഫ്രാസ്ട്രക്ച്ചർ, ഡിപ്ലോമ ഇൻ ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഡാറ്റ സയൻസ്, മാനുഫാക്ച്ചറിംഗ് ടെക്‌നോളജി, ഇലക്ട്രി ക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് പ്രോഗ്രാമുകൾ ഇവിടെയുണ്ട്. പഠനത്തിൽ 65 ശതമാനം പ്രാക്ടിക്കലും 35 ശതമാനം തിയറിക്കും പ്രാധാന്യം നൽകുന്ന കരിക്കുലം NTTF ന്റെ പ്രത്യേകതയാണ്. വ്യവസായ സ്ഥാപനങ്ങളുമായുള്ള സൗഹൃദം, ഇന്റേൺഷിപ്പുകൾ, ക്യാമ്പസ് പ്ലേസ്‌മെന്റ് എന്നിവ കോഴ്‌സിന്റെ പ്രത്യേകതകളാണ്. അന്താരാഷ്ട്ര അക്രെഡിറ്റേഷൻ കോഴ്‌സുകൾക്കുണ്ട്. ടൂൾ എൻജിനിയറിംഗിലും ഐ.ടിയിലും മെക്കാട്രോണിക്‌സിലും ബി.വോക് പ്രോഗ്രാമുകളുമുണ്ട്. എല്ലാ കോഴ്‌സുകൾക്കും ഇപ്പോൾ അപേക്ഷിക്കാം. www.nttftrg.com.

അനിമേഷൻ കോഴ്‌സുകൾ

അനിമേഷൻ കോഴ്‌സുകൾക്ക് താല്പര്യമുള്ളവർക്ക് വിസ്മയാസ് മാക്‌സിൽ അപേക്ഷിക്കാം. ബി.എസ്‌സി, എം.എസ്‌സി അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്‌സ് കോഴ്‌സുകൾ ഇവിടെയുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തും ക്യാമ്പസുകളുണ്ട്. സിനിമ, അനിമേഷൻ, വിഷ്വൽ എഫക്ട്, ടെലിവിഷൻ എന്നിവയിൽ തൊഴിൽ ചെയ്യാൻ താല്പര്യമുള്ളവർക്കുള്ള മികച്ച കോഴ്‌സാണിത്. പ്ലസ് ടു ഏത് ഗ്രൂപ്പെടുത്തവർക്കും അപേക്ഷിക്കാം. www.vismayasmaxanimations.com.