ഞാൻ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല, ദുബായിൽ നിന്ന് എത്തിയത് സ്വന്തം ചെലവിൽ; പ്രതികരിച്ച് ആശ ശരത്ത്
തിരുവനന്തപുരം: കഴിഞ്ഞ വർഷം നടന്ന സ്‌കൂൾ കലോത്സവത്തിൽ നൃത്തരൂപം ഒരുക്കാനെത്തിയതിന് പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലെന്ന് നടിയും ഡാൻസറുമായ ആശ ശരത്ത്. സ്വന്തം ചെലവിലാണ് ദുബായിൽ നിന്നെത്തിയതെന്നും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നും അവർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
കുട്ടികൾക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണെന്നും വളരെ സന്തോഷത്തോടെയാണ് അന്ന് അവിടെ എത്തിയതെന്നും ആശ ശരത്ത് പ്രതികരിച്ചു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ അവതരണഗാനത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാൻ ലക്ഷങ്ങൾ പ്രതിഫലം വേണമെന്ന് ഒരു നടി ആവശ്യപ്പെട്ടെന്ന് മന്ത്രി വി ശിവൻകുട്ടി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം നടിയുടെ പേര് പറഞ്ഞിരുന്നില്ല.
മന്ത്രി ഉദ്ദേശിച്ച നടി ആരാണെന്നോ എന്താണ് സംഭവിച്ചതെന്നോ തനിക്കറിയില്ലെന്ന് ആശ ശരത്ത് വ്യക്തമാക്കി. താൻ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് അന്ന് എത്തിയത്. എന്തെങ്കിലും ഡിമാൻഡ് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഒന്നുമില്ലെന്നായിരുന്നു താൻ മറുപടി നൽകിയത്. മാത്രമല്ല പ്രതിഫലം വാങ്ങുകയെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും ആശ ശരത്ത് കൂട്ടിച്ചേർത്തു.
'16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടത്തുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളർന്നുവന്ന ഒരു പ്രശസ്‌ത സിനിമാ നടിയോട് പത്ത് മിനിട്ട് ദൈർഘ്യമുള്ള നൃത്തം കുട്ടികളെ പഠിപ്പിക്കാമോ എന്ന് ചോദിച്ചു. അവർ സമ്മതിക്കുകയും ചെയ്‌തു. എന്നാൽ അഞ്ച് ലക്ഷം രൂപയാണ് അവർ പ്രതിഫലം ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണിത്.' എന്നായിരുന്നു മന്ത്രി പറഞ്ഞത്.