റാബിയയുടെ വിവാഹസത്കാരം കെങ്കേമമായി; നാടിന്റെയാകെ പങ്കാളിത്തത്തോടെ
കല്പറ്റ: ഉരുൾപൊട്ടലിൽ വീടടക്കം സർവതും നഷ്ടപ്പെട്ടതിന്റെ തീരാവേദനയ്ക്കിടയിലും പുത്തുമലയിലെ പരേതനായ ചാലമ്പാടൻ മൊയ്തീന്റെ ഭാര്യ ജൂമൈലയുടെ മുഖത്ത് സന്തോഷക്കണ്ണീരിന്റെ തിളക്കം. മകൾ റാബിയയുടെ വിവാഹസത്കാരം വിചാരിച്ചതിലും കേമമായി, നിശ്ചയിച്ച ദിവസം തന്നെ നടന്നല്ലോ.
വിരുന്നിൽ പങ്കുകൊള്ളാൻ വി.ഐ.പികളുടെ നിര തന്നെയുണ്ടായിരുന്നു. സി.കെ.ശശീന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ എ.ആർ. അജയകുമാർ, സബ് കളക്ടർ എൻ.എസ്.കെ.ഉമേഷ്. അങ്ങനെ നീളുന്നു ആ പട്ടിക. ഒപ്പം ജാതിമത ഭേദമെന്യേ നാട്ടുകാരും.
മേപ്പാടി സെന്റ് ജോസഫ്സ് യു.പി സ്‌കൂളിലെ ക്യാമ്പിന്റെ മുറ്റത്ത് ചുരുങ്ങിയ സമയംകൊണ്ടാണ് സത്കാരത്തിന് പന്തലുയർന്നത്. സുമനസ്സുകൾ കൈകോർത്തപ്പോൾ പുതുപ്പെണ്ണിന് അഞ്ച് പവന്റെ ആഭരണങ്ങളായി. ഭക്ഷ്യവിഭവങ്ങൾക്കും ഒരു കുറവുമുണ്ടായില്ല.
പേരാമ്പ്ര പള്ളിമുക്ക് നടത്തലക്കൽ ഷാഫിയുമായുള്ള റാബിയയുടെ നിക്കാഹ് നേരത്തെ കഴിഞ്ഞതായിരുന്നു. സത്കാരം ആഗസ്റ്റ് 18നെന്നും ഉറപ്പിച്ചു. ഒാർക്കാപ്പുറത്തുണ്ടായ ഉരുൾപൊട്ടലിൽ വിവാഹവസ്ത്രങ്ങൾ ഉൾപ്പെടെ എല്ലാം ഒഴുകിപ്പോവുകയായിരുന്നു. ദുരിതാശ്വാസ ക്യാമ്പിൽ കഴിയവെ ഇനി എങ്ങനെ സത്കാരം നടക്കാനാണെന്ന ആധിയായിരുന്നു ഉമ്മയുടെ മനസ് നിറയെ. അവരെ ആശ്വസിപ്പിക്കാൻ ക്യാമ്പിലെ മുഴുവൻ പേരുമുണ്ടായിരുന്നു. സത്കാരം ആ ദിവസം തന്നെ നടത്തുമെന്ന് പറഞ്ഞ് എം.എൽ.എ അടക്കമുള്ളവർ ചുമതല ഏറ്റെടുത്തതോടെ എല്ലാം ഗംഭീരമായി. നാടിന്റെ വീടായി മാറിയ ക്യാമ്പിൽ നിന്നു റാബിയ പടികളിറങ്ങിയത് നാട്ടുകാരുടെയാകെ ആശീർവാദത്തോടെയായിരുന്നു.