അരനൂറ്റാണ്ട് പ്രസവമെടുത്ത സുകൃതത്തിൽ ഓമനയമ്മ

Tuesday 10 December 2024 1:16 AM IST

ആലപ്പുഴ: പ്രസവ ശുശ്രൂഷയ്ക്ക് ഇന്നത്തെപ്പോലെ ആശുപത്രികൾ ഇല്ലാതിരുന്ന കാലം. അന്നത്തെ 'ഗൈനക്കോളജിസ്റ്റാ"യിരുന്നു ഓമനയമ്മ. ഇപ്പോൾ 80 വയസായ ഓമനയമ്മയോട് അതിനെക്കുറിച്ച് ചോദിച്ചാൽ വെറ്റിലക്കറ പുരണ്ട മോണകാട്ടി പറയും. 'അതൊരു കാലം,ഇപ്പം എല്ലാം മാറീലേ..."

പതിച്ചി,വയറ്റാട്ടി എന്നൊക്കെയായിരുന്നു അന്ന് വിളിപ്പേര്. പ്രസവശുശ്രൂഷയിൽ അരനൂറ്റാണ്ടിലേറെ പ്രവർത്തിച്ച ഓമനയമ്മ ഒരു കാര്യംകൂടി പറയും: 'ഗ‌‌ർഭവും പ്രസവവും ഇപ്പോഴല്ലേ രോഗമായത്." കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി തഴവ കുതിരപ്പന്തി പോണാൽ കിഴക്കതിൽ ഓമനയമ്മയ്ക്ക് പ്രസവമെടുപ്പ് സുകൃതമാണിന്നും.

പേറ്റ് നോവ് തുടങ്ങിയാൽ പാതിരയായാലും പെരുമഴയായാലും ചൂട്ടും കത്തിച്ച് ഓമനയമ്മയെത്തും. കൈകളിലേക്ക് പിറന്നുവീണ കുഞ്ഞുങ്ങൾ വലുതായി,അവരുടെ കുട്ടികളെയും കൈ നീട്ടി സ്വീകരിച്ച ഭാഗ്യവതി.

സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിന്റെ കൈയുടെ ഒടിവ് കണ്ടെത്തിയതും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത യുവതിയുടെ പ്രസവം 10 വർഷം മുമ്പ് വീട്ടിലെടുക്കേണ്ടി വന്നതുമെല്ലാം ഓമനയമ്മയുടെ സുവർണ ഓർമ്മകളാണ്.

ഗർഭിണിയെ കണ്ടാൽ,എപ്പോൾ പ്രസവിക്കുമെന്നും എന്തെങ്കിലും വല്ലായ്മയുണ്ടോ എന്നും ഓമനയമ്മ പറയും. പ്രസവങ്ങളെല്ലാം ആശുപത്രികളിലായതോടെ പ്രസവം കഴിഞ്ഞവരെയും കുഞ്ഞുങ്ങളെയും പരിചരിക്കലാണ് ഇപ്പോഴത്തെ ജോലി. നാലുമക്കളുണ്ട്. ഭർത്താവിന്റെ മരണശേഷം ഇളയമകൾ സ്മിതയ്ക്കൊപ്പമാണ് താമസം.

അമ്മയും പതിച്ചി

പാരമ്പര്യമായി പ്രസവമെടുപ്പ് നടത്തുന്ന കോട്ടയത്തെ ഒരു കുടുംബത്തിലായിരുന്നു ഓമനയുടെ ജനനം. നാട്ടിലെ പ്രധാന പതിച്ചിയായ അമ്മ കുട്ടിയമ്മയിൽ നിന്നാണ് ശുശ്രൂഷ പഠിച്ചത്. തഴവ സ്വദേശി പരേതനായ കൊച്ചുനാരായണനാണ് ഭർത്താവ്. ഭർതൃമാതാവ് കുഞ്ഞിങ്ങോലിയും പതിച്ചിയായിരുന്നു. ഇരുപത്തിരണ്ടാം വയസിൽ കുഞ്ഞിങ്ങോലിയുടെ സഹായിയായി.

വേതുകുളി പ്രധാനം

നവജാതശിശുവിനെ കുളിപ്പിക്കുന്നതിൽ അതീവശ്രദ്ധവേണം. തലയിൽ എണ്ണതേച്ചശേഷം നെഞ്ചത്ത് എണ്ണതേച്ച് ഇരുവശങ്ങളിലേക്കും മസാജ് ചെയ്യും. രണ്ടു കാലും നീട്ടിയിരുന്ന് കുട്ടിയെ കാലിൽ കിടത്തി കൈകാലുകളിൽ എണ്ണതേച്ച് വളവുനിവർത്തി നേരെയാക്കും.

അമ്മമാരുടെ വേതുകുളിയാണ് പിന്നെ മുഖ്യം. കരിഞൊട്ട,ഞെരുവാല,ഒരുവേരൻ,കൊടിഇല എന്നിവയിട്ട് വേതുവെള്ളം തിളപ്പിച്ച് ചെറുചൂടോടെ അമ്മമാരെ കുളിപ്പിക്കും. അഞ്ചുമുതൽ ഒൻപതുവരെ ദിവസമാണ് വേതുകുളി. സൗന്ദര്യം നിലനിറുത്താൻ മുഖക്കിഴിയെന്ന പൊടിക്കൈയും ഓമനയമ്മയ്ക്കറിയാം.