'ഭക്തർ എത്തുന്നത് ഭഗവാനെ കാണാൻ'; ക്ഷേത്രത്തിൽ മുഖ്യമന്ത്രിയുടെ ഫ്ലക്‌സ് ബോർഡ് സ്ഥാപിച്ചതിനെ വിമർശിച്ച് ഹെെക്കോടതി
കൊച്ചി: ആലപ്പുഴ ജില്ലയിലെ തുറവൂർ മഹാദേവ ക്ഷേത്രത്തിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിനെ വിമർശിച്ച് ഹെെക്കോടതി. മുഖ്യമന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് തുടങ്ങിയവരുടെ ചിത്രങ്ങൾ പതിച്ച ഫ്ലക്സ് അടിച്ചത് എന്തിനാണെന്നും ദേവസ്വം ബെഞ്ച് ചോദിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് ക്ഷേത്രങ്ങളുടെ ചുമതലക്കാരനും ട്രസ്റ്റിയുമാണെന്നും അല്ലാതെ ഉടമസ്ഥനല്ലെന്നും കോടതി കൂട്ടിച്ചേർത്തു.
ഭഗവാനെ കാണാനാണ് ഭക്തർ ക്ഷേത്രത്തിൽ വരുന്നത്. അല്ലാതെ അഭിവാദ്യമർപ്പിച്ച ഫ്ലക്സ് കാണാനല്ല. ഉത്തരവാദിത്തപ്പെട്ടവർ ഫ്ലക്സ് എന്തുകൊണ്ട് അവിടെ നിന്ന് എടുത്തുമാറ്റിയില്ലെന്നും കോടതി ചോദിച്ചു. ശബരിമല ഇടത്താവളമായ ക്ഷേത്രത്തിൽ ഇത്തരത്തിൽ ഫ്ലക്സ് അടിച്ച് വച്ചത് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഫ്ലക്‌സിന് മുടക്കുന്ന കാശ് അന്നദാനത്തിന് മുടക്കിയാൽ അയ്യപ്പഭക്തർക്ക് കൂടുതൽ പ്രയോജനപ്പെടുമെന്നും ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ പറഞ്ഞു.