ആനയെഴുന്നള്ളിപ്പ്: വിധി പ്രഖ്യാപിച്ച ജഡ്‌ജി മൃഗസംരക്ഷണ സംഘടനയുടെ അഭിഭാഷകനായിരുന്നു, ചീഫ് ജസ്‌റ്റിസിന് പരാതി

Tuesday 10 December 2024 9:38 PM IST

തൃശൂർ: ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിധി പുറപ്പെടുവിച്ച ഡിവിഷൻ ബെഞ്ചിലെ ജഡ്‌ജിക്കെതിരെ പൂരപ്രേമി സംഘത്തിന്റെ പരാതി. വിധി പറഞ്ഞ ജസ്റ്റിസ് മൃഗസംരക്ഷണ സംഘടനയായ 'പെറ്റ'യുടെ അഭിഭാഷകനായിരുന്നെന്നും അദ്ദേഹത്തെ ബെഞ്ചിൽ നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ട് പൂരപ്രേമി സംഘം ചീഫ് ജസ്റ്റിസിന് പരാതി നൽകി. 1021 പേർ ഒപ്പിട്ട പരാതിയാണ് കേരള ചീഫ് ജസ്റ്റിസിന് സമർപ്പിച്ചത്. സമാന സ്വഭാവമുള്ള കേസിൽ 'പെറ്റ'യ്ക്കായി മേനോൻ ആൻഡ് പൈ എന്ന അഭിഭാഷക സ്ഥാപനം മുഖേന നിലവിലെ ജഡ്ജി അഭിഭാഷകനായിരിക്കെ ഹാജരായിയെന്നത് മുൻവിധിക്ക് തെളിവാണെന്നും പരാതിയിൽ ആരോപിക്കുന്നു.


ഇതിനിടെ ഉത്സവാഘോഷം സംരക്ഷിക്കണമെന്നും വെടിക്കെട്ട് നിയന്ത്രണം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പൂരപ്രേമി സംഘത്തിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിന് മുമ്പിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചു. മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്തു.


കേരള ഫെസ്റ്റിവൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 14ന് തൃശൂരിൽ ഉത്സവരക്ഷാസംഗമം സംഘടിപ്പിക്കും. തെക്കേഗോപുരനടയിൽ വൈകിട്ട് നാലിന് നടക്കുന്ന സംഗമം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ.ബിജു, മുൻമന്ത്രി വി.എസ്.സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുക്കും.