2500 കോടിയുടെ ലഹരിക്കടത്ത്: 6 ഇറാനികൾക്ക് കഠിനതടവും പിഴയും

Wednesday 11 December 2024 4:48 AM IST

കൊച്ചി: മട്ടാഞ്ചേരി തീരക്കടലിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും നേവിയും സംയുക്തമായി നടത്തിയ മയക്കുമരുന്ന് വേട്ടയിൽ പിടിയിലായ ആറ് ഇറാൻ പൗരന്മാരെ എറണാകുളം അഡിഷണൽ സെഷൻസ് കോടതി 10 മുതൽ 12 വർഷം വരെ കഠിന തടവിന് ശിക്ഷിച്ചു. 2022 ഒക്ടോബ‌ർ 6ന് 2500 കോടി രൂപ വിലമതിക്കുന്ന 200കിലോ ലഹരിമരുന്ന് പിടികൂടിയ കേസിലാണിത്.

ഒന്നാം പ്രതി അബ്ദുൾ നാസർ, രണ്ടാം പ്രതി അബ്ദുൾ ഗനി, നാലും അഞ്ചും പ്രതികളായ അബ്ദുൾ മാലിക് ഔസാർനി, റാഷിദ് ബാഗ്ഫർ എന്നിവരെയാണ് 12 വർഷം കഠിനതടവിനും 1,75,000 രൂപ വീതം പിഴയടയ്‌ക്കാനും ശിക്ഷിച്ചത്. മൂന്നാംപ്രതി അർഷാദ് അലിയും ആറാം പ്രതി സുനൈദും 10 വർഷം വീതം കഠിനതടവ് അനുഭവിക്കണം. 1,25,000 രൂപ വീതം പിഴയും നൽകണം.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നേവിയും എൻ.സി.ബിയും ചേർന്ന് ഇറാനിയൻ മത്സ്യബന്ധന ബോട്ട് 'ആരിഫി 2" കടലിൽ തടയുകയായിരുന്നു. ഇവരിൽ നിന്ന് 199.445 കിലോ ഹെറോയിൻ, 400 ഗ്രാം കറുപ്പ്, 15 ഗ്രാം ഹാഷിഷ് എന്നിവ പിടിച്ചെടുത്തിരുന്നു.