വൈകിട്ട് ആറ്  മുതൽ രാത്രി 10 വരെ കറണ്ട് ഉപയോഗിക്കുന്നത് ആലോചിച്ച് മതി, ടിഒഡി വരുന്നു

Wednesday 11 December 2024 7:46 AM IST

തിരുവനന്തപുരം: ഉപഭോക്താക്കളിൽ നിന്ന് ടിഒഡി അഥവാ ടൈം ഓഫ് ഡേ ഈടാക്കാനുള്ള വൈദ്യുതി ബോർഡിന്റെ തീരുമാനം ബാധിക്കുക 7.90 ലക്ഷം പേരെ. പ്രതിമാസം 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്കാണ് ടിഒഡി ബാധകമാവുക. 20 കോടിയിലധികം രൂപയാണ് കെഎസ്ഇബിക്കു ചെലവ് വരിക. ഈ തുക മീറ്റർ വാടകയായി ഉപയോക്താക്കൾ നൽകണം.

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയുള്ള വൈദ്യുതി ഉപയോഗത്തിന് നിരക്കിൽ 10% ഇളവ് ലഭിക്കുമെന്ന നേട്ടമുണ്ടെങ്കിലും വൈദ്യുതി ഉപയോഗം കൂടിയ വൈകിട്ട് ആറ് മുതൽ രാത്രി 10 വരെ 25% അധിക നിരക്ക് നൽകേണ്ടി വരും. നിരക്കു വർദ്ധനയ്ക്കു മുൻപ് ഇത് 20% ആയിരുന്നു. നിലവിൽ ടിഒഡി ബില്ലിംഗിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും ഈ വർദ്ധന ബാധകമാകും. ഡിസംബർ 5നാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയത്.

നിലവിൽ 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന അഞ്ച് ലക്ഷത്തോളം ഉപയോക്താക്കളുടെ വീട്ടിൽ ടിഒഡി മീറ്റർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവർക്ക് സ്ലാബ് അനുസരിച്ചുള്ള (ടെലിസ്കോപിക്) ബിൽ ആണ് നൽകിയിരുന്നത്. ഈ മീറ്ററിലെ പ്രോഗ്രാമിംഗ് മാറ്റിയാൽ ടിഒഡി ബിൽ നൽകാനാകും.

അതേസമയം, വൈദ്യുതി നിരക്ക് യൂണിറ്റിന് 16 പൈസ വർദ്ധിപ്പിച്ച് നടപ്പിലാക്കിയതിനു പിന്നാലെ ഇന്ധനസെസ് ഇനത്തിൽ യൂണിറ്റിന് 17 പൈസ കൂടി വർദ്ധിപ്പിക്കണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ തള്ളി. ഇതുസംബന്ധിച്ച് ഇന്നലെ നടന്ന പൊതുതെളിവെടുപ്പിലാണ് കെ.എസ്.ഇ.ബിയുടെ അപേക്ഷ കമ്മിഷൻ ചെയർമാൻ ടി.കെ.ജോസ് നിരാകരിച്ചത്.

നിലവിൽ ഇന്ധന സെസായി 20 പൈസ വാങ്ങുന്നുണ്ട്. ഇതുൾപ്പെടെ ഈ മാസം മുതൽ 36പൈസയാണ് യൂണിറ്റ് വൈദ്യുതിയിൽ ജനങ്ങൾ കൂടുതൽ നൽകേണ്ടിവരിക. അതിനു പുറമെയാണ് 17പൈസ കൂടി മൂന്നു മാസത്തേക്ക് ഈടാക്കാൻ അനുവദിക്കണമെന്ന അപേക്ഷ എത്തിയത്.