ഉള്ളൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവർമാർക്ക് ദാരുണാന്ത്യം

Wednesday 11 December 2024 3:11 PM IST

തിരുവനന്തപുരം: ക്ഷേത്രക്കുളത്തിൽ രണ്ടുപേർ മുങ്ങിമരിച്ചു. ഉള്ളൂർ തുറുവിയ്‌ക്കൽ ശ്രീധർമ്മ ശാസ്‌താ ക്ഷേത്രക്കുളത്തിലാണ് അപകടമുണ്ടായത്. പാറോട്ടുകോണം സ്വദേശികളായ ജയൻ, പ്രകാശ് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാളെ രക്ഷപ്പെടുത്തി.

ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയാണ് സംഭവം. ഓട്ടോ ഡ്രൈവർമാരായ മൂന്നുപേരാണ് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയത്. ആഴമുള്ള കുളമായതിനാൽ ആളുകൾ ഇറങ്ങാതിരിക്കാൻ ചുറ്റുമതിലും ഗേറ്റും കെട്ടിയിരുന്നു. മൂന്നുപേരും മുങ്ങിത്താഴുന്നത് കണ്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുളത്തിൽ നിന്ന് പുറത്തെടുത്തപ്പോഴേക്കും രണ്ടുപേർ മരിച്ചിരുന്നു. ഇവരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്.