പെരുമാറ്റം രോഹിത്തിന് ഇഷ്‌ടമായില്ല, യുവസൂപ്പർ താരത്തിനെ കൂടാതെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം

Wednesday 11 December 2024 8:00 PM IST

അഡ്‌ലെയ്‌ഡ്: ബോ‌‌ർഡർ ഗവാസ്‌കർ ട്രോഫിയിൽ അഞ്ച് മത്സരങ്ങളുള്ള പരമ്പര ഇപ്പോൾ 1-1 എന്ന തുല്യനിലയിലാണ്. ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരം 10 വിക്കറ്റിന് ഓസ്‌ട്രേലിയ ജയിച്ചു. മൂന്നാം മത്സരം 14ന് ഗബ്ബയിലാണ്. ബ്രിസ്‌ബെയ്‌നിലേക്ക് അഡ്‌ലെയ്‌ഡിൽ നിന്നും ടീം ഇന്ത്യ ഇന്ന് പുറപ്പെട്ടു. എന്നാൽ ടീമിലെ ഒരു താരം മാത്രം മറ്റുള്ളവർക്കൊപ്പം പുറപ്പെട്ടില്ല എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നത്. ഓപ്പണിംഗ് ബാറ്ററായ യശസ്വി ജെയ്‌സ്വാളാണ് മറ്റ് താരങ്ങൾക്കൊപ്പം ടീം ബസിൽ എത്താതിരുന്നത്. ഇന്ന് പുലർച്ചെ 8.30നായിരുന്നു താരങ്ങൾ കയറിയ ടീം ബസുകൾ വിമാനത്താവളത്തിലേക്ക് പുറപ്പെടേണ്ടത്. 8.20ന് തന്നെ മറ്റ് താരങ്ങളും ടീം ഒഫീഷ്യൽസും ബസിൽ കയറി. എന്നാൽ യശസ്വി ജെയ്‌സ്വാൾ മാത്രം എത്തിയില്ല.

ഇതോടെ നായകൻ രോഹിത്ത് ശർമ്മയ്‌ക്ക് യുവതാരത്തിന്റെ കൃത്യനിഷ്‌ഠയില്ലാത്ത പെരുമാറ്റം ഇഷ്‌ടമായില്ല. അൽപനേരം നോക്കിയിരുന്ന ശേഷം ടീം മാനേജരോടും ലെയ്‌സൺ ഓഫീസറോടും സംസാരിച്ചിട്ട് രോഹിത്ത് ബസിൽ കയറി. 8.50ന് ടീം ബസ് വിമാനത്താവളത്തിലേക്ക് പോയി. എന്നാൽ ഇതിന്ശേഷം അഞ്ച് മിനിട്ട് കഴിഞ്ഞാണ് ജെയ്‌സ്വാൾ എത്തിയത്. ഒരു കാറിൽ സുരക്ഷാ ഉദ്യോഗസ്ഥനൊപ്പമാണ് ജെയ്‌സ്വാൾ വിമാനത്താവളത്തിലേക്ക് പോയത്. 10.05നായിരുന്നു ബ്രിസ്‌ബെയിനിലേക്കുള്ള വിമാനം.

പെർത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 295 റൺസിന്റെ മികച്ച വിജയമാണ് ഇന്ത്യ നേടിയത്. ജസ്‌പ്രീത് ബുമ്രയുടെ നേതൃത്വത്തിലാണ് ടീം ആദ്യ ടെസ്‌റ്റ് ജയിച്ചത്. രണ്ടാം ടെസ്‌റ്റിൽ അഡ്‌ലെയ്‌ഡ് ഓവലിൽ പിങ്ക് ബോൾ ടെസ്‌റ്റിൽ 10 വിക്കറ്റിന്റെ വമ്പൻ തോൽവി ഇന്ത്യ വഴങ്ങി. 2021ൽ ഇന്ത്യ ചരിത്രവിജയം കുറിച്ച ഗബ്ബയിലാണ് അടുത്ത മത്സരം എന്നത് ക്രിക്കറ്റ് ആരാധകരിൽ ആവേശം ഉണർത്തുന്നുണ്ട്.