കെ-റെയില്‍ ജീവനക്കാരിയെ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു; നിഷയ്ക്ക് ദാരുണാന്ത്യം
Wednesday 11 December 2024 10:20 PM IST
തിരുവനന്തപുരം: കെ- റെയില്‍ ജീവനക്കാരിയായ യുവതിക്ക് അപകടത്തില്‍ ദാരുണാന്ത്യം. തിരുവനന്തപുരത്തെ കെ- റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷയാണ് മരിച്ചത്. വഴുതക്കാടിന് സമീപം വിമന്‍സ് കോളേജ് ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്.
ഭിന്നശേഷിക്കാരിയായ നിഷ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഡ്രൈവര്‍ അലക്ഷ്യമായിട്ടാണ് ബസ് ഓടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടം നടന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കാലിന് സ്വാധീനക്കുറവുള്ള നിഷ ഏറെക്കാലമായി കെ- റെയില്‍ ഓഫീസില്‍ ജോലി ചെയ്യുകയാണ്. അപകടത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.