അരവണ ക്ഷാമം: ഒരു പ്ലാന്റ് കൂടി സ്ഥാപിക്കും

Thursday 12 December 2024 4:18 AM IST

തിരുവനന്തപുരം: അരവണ ക്ഷാമത്തിന് പരിഹാരം കാണാൻ ശബരിമല സന്നിധാനത്ത് ഒരു പ്ളാന്റ് കൂടി സ്ഥാപിക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദിവസം രണ്ടുലക്ഷം ടിന്നുകളുടെ ഉത്‌പാദനം നടത്താൻ കഴിയുന്ന പ്ളാന്റാണ് സ്ഥാപിക്കുന്നത്. അരവണയുടെ ആവശ്യം വർദ്ധിച്ച സാഹചര്യത്തിലാണ് ഇതെന്ന് ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു.

ആവശ്യത്തിന് അനുസരിച്ച് ഉത്പാദനം നടക്കാത്തതിനാലാണ് കഴിഞ്ഞവർഷം അരവണ നിയന്ത്രിച്ച് നൽകേണ്ടിവന്നത്. ഇപ്പോൾ ദിവസം മൂന്നരലക്ഷം ടിൻ അരവണ ആവശ്യമായി വരുന്നുണ്ട്. മുൻപ് പരമാവധി രണ്ടരലക്ഷം ടിൻവരെ മാത്രമേ ചെലവായിരുന്നുള്ളൂ. ഭക്തരുടെ എണ്ണം വർദ്ധിച്ചതോടെ ഡിമാന്റ് കൂടി. ഒരുദിവസം പരമാവധി രണ്ടരലക്ഷം ടിന്നാണ് നിലവിലെ പ്ളാന്റിന്റെ കപ്പാസിറ്റി.

ക്ഷേത്രത്തിന്റെ തെക്കുകിഴക്ക് ഭാഗത്ത് തിടപ്പള്ളിക്കടുത്താണ് നിലവിലെ പ്ളാന്റ്. ഇതിനോട് ചേർന്നുള്ള അരവണ കൗണ്ടർ മാറ്രി സ്ഥാപിച്ച് ആ ഭാഗത്താകും പുതിയ പ്ളാന്റ് നിർമ്മിക്കുക.

എസ്റ്റിമേറ്ര് തയ്യാറാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

തിടപ്പള്ളിക്കരികിലായി സ്ഥാപിക്കുന്നതിനാൽ തന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് അറിയിച്ചു. അടുത്ത മണ്ഡലകാലത്തിന് മുൻപ് പ്ളാന്റ് പൂർത്തിയാക്കുകയാണ് ലക്ഷ്യം.