മുഖ്യമന്ത്രിയെയും എൽ.ഡി.എഫിനെയും ജനം വെറുത്തു: കെ. സുധാകരൻ

Thursday 12 December 2024 4:26 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും എൽ.ഡി.എഫ് ദുർഭരണത്തിനുമെതിരായ ജനരോഷത്തിന്റെ തെളിവാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയേയും എൽ.ഡി.എഫിനേയും ജനം വെറുത്തു. എൽ.ഡി.എഫിൽ നിന്ന് ഒമ്പത് സീറ്റുകൾ പിടിച്ചെടുത്ത് 17 വാർഡിൽ വിജയം നേടിയ യു.ഡി.എഫിന് ജനപിന്തുണ വർദ്ധിപ്പിച്ചു. വയനാട്ടിലെയും പാലക്കാട്ടെയും ഉജ്വല വിജയത്തിനും ചേലക്കരയിലെ മികച്ച പ്രകടനത്തിനും ശേഷം യു.ഡി.എഫിന്റെ കരുത്തും ജനപിന്തുണയും എൽ.ഡി.എഫിനും ബി.ജെ.പിക്കും കാട്ടിക്കൊടുത്ത ഫലമാണിത്. ഉപതിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനും യു.ഡി.എഫിനും ശക്തമായി മുന്നോട്ട് പോകാനുള്ള കരുത്ത് നൽകുന്നതാണെന്നും കെ. സുധാകരൻ പറഞ്ഞു.