മാദ്ധ്യമപ്രവർത്തകന്റെ മരണം; ശ്രീറാം ഓടിച്ച കാറിന്റെ ക്രാഷ് ടെസ്റ്റ് നടത്തുന്നു
തിരുവനന്തപുരം : മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ അപകടത്തിനിടയാക്കിയ കാറിന്റെ ക്രാഷ് ടെസ്റ്റ് നടത്തുന്നു. അപകടസമയത്തുള്ള വാഹനത്തിന്റെ വേഗത അറിയാനാണ് പരിശോധന. കാറിന്റെ ക്രാഷ് ഡാറ്റ റെക്കോർഡ് പരിശോധിക്കാനാണ് ശ്രമം. ശ്രീറാം വാഹനമോടിച്ചത് അമിത വേഗത്തിലാണോ എന്ന് കണ്ടെത്തുന്നതിനായി സി.സി.ടിവി ദൃശ്യങ്ങൾ കൃത്യമായി ലഭിച്ചിരുന്നില്ല. ഫോക്‌സ് വാഗൺ കമ്പനി നേരിട്ട് നടത്തുന്ന സാങ്കതിക പരിശോധനയിലൂടെ വേഗതയടക്കമുള്ള കാര്യങ്ങൾ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്.
അതേസമയം ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. മോട്ടോർ വാഹന നിയമപ്രകാരം തിരുവനന്തപുരം ആർ.ടി.ഒയുടേതാണ് നടപടി. മുപ്പത് ദിവസത്തിനുള്ളിൽ അപ്പീൽ നൽകാനുള്ള നിയമപ്രകാരമുള്ള അനുമതിയും ആർ.ടി.ഒ നല്‍കിയിട്ടുണ്ട്.