റോഡിൽ റീൽസ്: നടപടിക്ക് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശം
Thursday 12 December 2024 3:04 AM IST
കോഴിക്കോട്: ഗതാഗത നിയമം ലംഘിച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നവർക്കെതിരെ കർശന നടപടിക്ക് പൊലീസിന് നിർദ്ദേശം നൽകി മനുഷ്യാവകാശ കമ്മിഷൻ. കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ വീഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കമ്മിഷൻ ജുഡിഷ്യൽ അംഗം കെ.ബൈജുനാഥ് പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയത്. സ്വീകരിച്ച നടപടി നാലാഴ്ചയ്ക്കകം അറിയിക്കണം. യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് കോഴിക്കോട് പൊലീസ് കമ്മിഷണറും സമർപ്പിക്കണം. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ അഡ്വ.വി.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ ഇടപെടൽ.