"ചേച്ചി അണ്ണനെക്കുറിച്ച് സംസാരിക്കുമ്പോൾ ബാലു അണ്ണൻ  അപ്പുറത്തെ റൂമിൽ ഉണ്ടെന്നു തോന്നിയിട്ടുണ്ട് എനിക്ക്"

Thursday 12 December 2024 11:53 AM IST

വയലിനിസ്റ്റ് ബാല ഭാസ്‌കർ ലോകത്തോട് വിട പറഞ്ഞിട്ട് ആറ് വർഷമായെങ്കിലും മരണവുമായി ബന്ധപ്പെട്ടുള്ള വിവാദം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതൊരു കൊലപാതകമാണെന്നാണ് വിശ്വസിക്കുന്നതെന്നാണ് ബാലഭാസ്‌കറിന്റെ മാതാപിതാക്കൾ പറയുന്നത്. ഭാര്യ ലക്ഷ്മിക്കെതിരെയും സൈബർ ആക്രമണം ഉണ്ടായിട്ടുണ്ട്. ഒടുവിൽ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം അവർ കഴിഞ്ഞ ദിവസം ലോകത്തോട് വിളിച്ചുപറഞ്ഞു.

അപകടമാണ് നടന്നതെന്നാണ് തന്റെ വിശ്വാസമെന്നാണ് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മി വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനുപിന്നാലെയും ലക്ഷ്മിക്കെതിരെ ചിലർ മോശമായി കമന്റ് ചെയ്‌തു. ഇതിനോടൊക്കെ പ്രതികരിച്ചിരിക്കുകയാണ് സംഗീത സംവിധായകൻ ഇഷാൻ ദേവിന്റെ ഭാര്യ ജീന.

ചേച്ചി അണ്ണനെക്കുറിച്ച് സംസാരിക്കുമ്പോൾ ബാലു അണ്ണൻ അപ്പുറത്തെ റൂമിൽ ഉണ്ടെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും അവർക്ക് അറിയാവുന്ന കാര്യങ്ങളാണ് തുറന്നുപറഞ്ഞതെന്നും ജീന വ്യക്തമാക്കി.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂ‌ർണ്ണരൂപം

ഇന്ന് കേട്ടതും കണ്ടതും ആയ ചില പ്രതികരണങ്ങളിലേക്ക്..
*ലക്ഷ്മി നന്നായി സംസാരിക്കുന്നുണ്ടല്ലോ…
ഉണ്ടല്ലോ , ലക്ഷ്മി നന്നായി സംസാരിക്കാൻ വേണ്ടി ആണ് ഇത്രയും നാൾ എടുത്തത്.. കുറച്ചു നാളെ മുൻപ് വരെ ആ ദിവസത്തെ കുറിച്ച് സംസാരിക്കാൻ നല്ല പാടായിരുന്നു ചേച്ചിക്ക്..
*ലക്ഷ്മി ചിരിയോടെ ആണല്ലോ സംസാരിക്കുന്നതു.. വല്യ സങ്കടം ഒന്നും കാണാൻ ഇല്ലാലോ .. ഇങ്ങനെ അല്ല പ്രതീക്ഷിച്ചതു..
അവരുടെ സങ്കടം അവരുടെ മാത്രം ആണ്.. വളരെ അടുത്തുള്ള ആളുകൾ കണ്ടാൽ മതി മനസിലാക്കിയാൽ മതി.. ഓരോ ആളുകളുടെ പ്രതീക്ഷക്കു ഒത്തു ഉയരാൻ ഇത് മത്സരപരീക്ഷ അല്ലാലോ.. പിന്നെ ആ സ്റ്റുഡിയോയിൽ ഉള്ള ആളുകൾ പറയും എന്താരുന്നു ചേച്ചിയുടെ അപ്പോഴത്തെ മാനസികാവസ്ഥ എന്നത്..
* കണ്ടാൽ അറിയാം കള്ളം ആണ് പറയുന്നത് എന്ന്
സത്യം അറിയേണ്ടവർക്കു സത്യം അറിയാൻ പറ്റി.. കള്ളം കണ്ടുപിടിക്കാൻ ഇരുന്നവർക്കു അതെ കാണാൻ പറ്റൂ..
* ഇവൾക്ക് എല്ലാം അറിയാം
അറിയാം.. അവർക്കു അറിയാവുന്ന കാര്യങ്ങൾ ആണ് പറഞ്ഞത്.. അവർക്കു അറിയാത്ത എന്തേലും സംഭവിച്ചു എങ്കിൽ അത് കണ്ടു പിടിക്കണം എന്ന് തന്നെയാ അവർ അന്ന് മുതലേ പറയുന്നത്.. കാറിനുള്ളിൽ നടന്നതേ അവർക്കു അറിയൂ..
* ഇപ്പൊ എന്തിനാണോ ഇറങ്ങിയത്
ചേച്ചിയുടെ മൗനം ചിലർ എന്തും പറയാൻ ഉള്ള അവസരം ആക്കി.. ചേച്ചിയോട് അടുപ്പം ഉണ്ടെന്നു പറയുന്ന ചിലർ ചേച്ചി പറഞ്ഞു എന്ന് പറഞ്ഞു വെറും അനാവശ്യം പറഞ്ഞു തുടങ്ങിയപ്പോൾ.. ചേച്ചിയോട് സ്നേഹം ഉള്ളവർ ലക്ഷ്മി ഇനി മിണ്ടാതെ ഇരിക്കരുത് എന്ന് പറഞ്ഞപ്പോൾ.. ഒരു വട്ടം ലക്ഷ്മിക്ക് അറിയാവുന്നതു പറയൂ എന്ന് പറഞ്ഞപ്പോൾ.. ബാലു അണ്ണന് വേണ്ടി സംസാരിക്കാൻ ചേച്ചി മാത്രേ ഉള്ളൂ എന്ന് തോന്നിയത് കൊണ്ട് ..
* ലക്ഷ്മിയെ എന്തോ കുഴിയിൽ ചാടിച്ചു
ഈ ഉള്ളത് പറയുന്നേ എങ്ങനെയാ കുഴിയിൽ ചാടിക്കുന്നെ ആകുന്നെ?? അപ്പൊ ശരിക്കും എന്താണു ചേച്ചി പറയെണ്ടത്‌ ??
അപ്പോൾ നിങ്ങൾ ഒക്കെ പറഞ്ഞു നടക്കുന്നത് ലക്ഷ്മിയെ മലമുകളിൽ കൊണ്ടാക്കുന്നതാണോ??
* ലക്ഷ്മി വളരെ genuine ആയാണ് സംസാരിക്കുന്നത്
അതെ.. ലക്ഷ്മിചേച്ചി വളരെ genuine ആണ്.. കഴിഞ്ഞ ആറ് വര്ഷം ആയി ഇത് തന്നെ ആണ് ഞങ്ങളോട് പറഞ്ഞിട്ടുള്ളത്, അതിൽ ഒരു മാറ്റോം ഇല്ല.. ഇപ്പോൾ അല്ല കണ്ട നാൾ മുതലേ ചേച്ചി ഇങ്ങനെയാ.. പക്ഷെ ബാലുഅണ്ണൻ കൂടെ ഉണ്ടായിരുന്നപ്പോൾ ഉള്ള ലക്ഷ്മിയുടെ ഒരു നിഴൽ മാത്രം ആണ് ഇപ്പോൾ പല കാര്യങ്ങളിലും..
* ബാലുവിന്റെ പേര് പറയുമ്പോൾ തന്നെ ലക്ഷ്മി പുഞ്ചിരിക്കുന്നു..
അതെ… ചേച്ചിക്ക് പുഞ്ചിരിയോടെ അല്ലാതെ ബാലു അണ്ണനെ ഓർക്കാൻ പറ്റില്ല.. അവരുടെ ജീവിതം ഓർക്കാൻ പറ്റില്ല.. പലപ്പോഴും ചേച്ചി അണ്ണനെ സംസാരിക്കുമ്പോൾ ബാലുഅണ്ണൻ അപ്പുറത്തെ റൂമിൽ ഉണ്ടെന്നു തോന്നീട്ടുണ്ട് എനിക്ക് ഇപ്പോഴും.. ‘ ഈ ബാലു ഉണ്ടല്ലോ’ എന്ന് പറഞ്ഞു തുടങ്ങുമ്പോൾ…