ദളിത് യുവാവിന്റെ ആത്മഹത്യ; പൊലീസുകാർക്കെതിരെ ആത്മഹത്യാ  പ്രേരണക്കുറ്റം  ചുമത്തണമെന്ന് കോടതി

Thursday 12 December 2024 12:22 PM IST

തൃശൂർ: എങ്ങണ്ടിയൂരിലെ ദളിത് യുവാവ് വിനായകന്റെ ആത്മഹത്യയിൽ പൊലീസുകാർക്കെതിരെ നടപടി. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്ന് തൃശൂർ എസ്‌സി, എസ്ടി കോടതി ഉത്തരവിട്ടു. ക്രെെംബ്രാഞ്ച് കുറ്റപത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നില്ല. ഇതിനെതിരെ വിനായകന്റെ പിതാവ് നൽകിയ ഹർജിയിലാണ് നടപടി.

പൊലീസുകാർ മർദ്ദിച്ചിരുന്നതായി തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ക്രൈംബ്രാഞ്ച് ആദ്യം കുറ്റപത്രം സമർപ്പിച്ചിരുന്നു. പാവറട്ടി സ്‌റ്റേഷനിലെ പൊലീസുകാരായ ടി.പി.ശ്രീജിത്ത്, കെ.സാജൻ എന്നിവർ വിനായകനെ മർദ്ദിച്ചെന്നാണ് പറഞ്ഞിരുന്നത്. അന്യായമായി തടങ്കലിൽ വയ്ക്കൽ, മർദ്ദനം, ഭീഷണിപ്പെടുത്തൽ, പട്ടികജാതിവർഗ അതിക്രമം തടയൽ നിയമം ലംഘിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്. പ്രേരണാക്കുറ്റം ചുമത്തിയിരുന്നില്ല. രണ്ടു പൊലീസുകാരെയും സസ്‌പെൻഡ് ചെയ്‌തിരുന്നു. പിന്നാലെയാണ് വിനായകന്റെ പിതാവ് ഹർജി നൽകിയത്.

2017 ജൂലായ് 17നാണ് വിനായകനെ പാവറട്ടിയിൽ സുഹൃത്തുമായി സംസാരിച്ച് നിൽക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിനായകനെ കസ്റ്റഡിയിലെടുത്ത സ്ഥലത്ത് മാല മോഷണം നടന്നിരുന്നു. ജൂലായ് 18നാണ് വീടിനുള്ളിൽ മരിച്ച നിലയിൽ വിനായകനെ കണ്ടെത്തുന്നത്.