ശബരിമല സോപാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകരുത്, കർശന നിർദേശവുമായി ഹൈക്കോടതി

Thursday 12 December 2024 2:44 PM IST

കൊച്ചി: ശബരിമല സോപാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകരുതെന്ന് ഹൈക്കോടതി. നടൻ ദിലീപിന്റെ വിഐപി ദർശനവുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ പരിശോധിക്കവെയാണ് കോടതിയുടെ കർശന നിർദേശം. മറ്റു ഭക്തരുടെ ദർശനത്തിന് തടസം നേരിട്ടുവെന്ന് മനസിലായതായി കോടതി വ്യക്തമാക്കി. എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകൾക്ക് ഉള്ളതെന്ന് ആരാഞ്ഞ കോടതി എങ്ങനെ ഇത് അനുവദിക്കാനാകുമെന്നും ചോദിച്ചു.

ഭക്തരെ തടഞ്ഞുകൊണ്ട് ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ ഒരു ഉദ്യോഗസ്ഥനും അനുവാദമില്ല. വിഷയത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് ദേവസ്വം ബോർഡിനോട് കോടതി ചോദിച്ചു. അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്‌റ്റന്റ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ, രണ്ട് ദേവസ്വം ഗാർഡുമാർ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി ബോർഡ് അറിയിച്ചു.

ശബരിമല സോപാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകരുതെന്ന് നിർദേശിച്ച കോടതി ഇക്കാര്യം ദേവസ്വം ബോർഡും ചീഫ് പൊലീസ് കോർഡിനേറ്ററും ഉറപ്പാക്കണമെന്നും വ്യക്തമാക്കി. വിഷയം നാളെയും ഹൈക്കോടതി പരിഗണിക്കും.

നടൻ ദിലീപിന് ശബരിമല സന്നിധാനത്ത് പ്രത്യേക പരിഗണന നൽകി ദർശന സൗകര്യം ഒരുക്കിയത് തങ്ങളല്ലെന്നാണ് ശബരിമല സ്‌പെഷ്യൽ പൊലീസ് ഓഫീസർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ദിലീപിന് പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ദേവസ്വം ഗാർഡുകളാണ് ദിലീപിന് മുൻനിരയിൽ അവസരം ഒരുക്കിയത്, വിജിലൻസ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്, ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.