അജൈവ മാലിന്യം കത്തിച്ചതിന് റെയിൽവേക്കെതിരെ നടപടി

Friday 13 December 2024 12:09 AM IST
അങ്കമാലി റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ കത്തിക്കുന്നു'

അങ്കമാലി: അങ്കമാലി റെയിൽവെ സ്റ്റേഷനോട് ചേർന്നുള്ള സ്ഥലത്ത് അജൈവ മാലിന്യങ്ങൾ കത്തിച്ചതിന് റെയിൽവെ അധികൃതർക്ക് നഗരസഭ നോട്ടീസ് നൽകി. വലിയ കോൺക്രീറ്റ് ടാങ്ക് നിർമ്മിച്ച് അതിൽ റെയിൽവേയുടെ കീഴിലുള്ള കച്ചവട കേന്ദ്രങ്ങളിൽ നിന്ന് പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി. 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ട് 327-ാം വകുപ്പ് പ്രകാരം നഗരസഭ സെക്രട്ടറി പിഴ ചുമത്തി കാരണം കാണിക്കൽ നോട്ടീസ് നൽകി. പിഴ അടക്കാത്തപക്ഷം നിയമാനുസൃത തുടർനടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി റെയിൽവേ സ്റ്റേഷൻ മാസ്റ്റർ, മാനേജർ എന്നിവർക്ക് മുന്നറിയിപ്പ് നൽകിയതായി നഗരസഭ സെക്രട്ടറി അറിയിച്ചു. ഇത്തരം പ്രവൃത്തികൾ നടത്തുന്ന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങളെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. പരിശോധനയിൽ അങ്കമാലി നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരായ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ എസ്. സന്തോഷ്‌കുമാർ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സി.എൽ. നിത്യ, കെ.ടി. സുധീഷ് എന്നിവർ നേതൃത്വം നൽകി.