കെ.എസ്.എഫ്.ഇ പൊന്നോണ ചിട്ടി: നറുക്കെടുപ്പ് നടന്നു

Tuesday 20 August 2019 5:20 AM IST

 ഒന്നാം സമ്മാനം 25 പവൻ സ്വർണനാണയം

തൃശൂർ: കെ.എസ്.എഫ്.ഇ പൊന്നോണചിട്ടികൾ-2018ന്റെ സംസ്ഥാന, മേഖലാതല സമ്മാന നറുക്കെടുപ്പ് കൊയിലാണ്ടി ടൗൺഹാളിൽ നടന്നു. നറുക്കെടുപ്പ് ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. കെ. ദാസൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ.കെ. സത്യൻ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്‌ടർ എ. പുരുഷോത്തമൻ, ജനറൽ മാനേജർ (ബിസിനസ്) വി.പി. സുബ്രഹ്‌മണ്യൻ, ഡയറക്‌ടർ പി.കെ. ആനന്ദക്കുട്ടൻ എന്നിവർ സംബന്ധിച്ചു.

ഒന്നാംസമ്മാനമായ 25 പവൻ സ്വർണ നാണയത്തിന് കൂറ്റനാട് ശാഖയിലെ ഇടപാടുകാരി പി. സുനിത അർഹയായി. രണ്ടാംസമ്മാനമായ 15 പവൻ സമ്മാനത്തിന് അർഹനായത് മണ്ണാർക്കാട് ശാഖയിലെ ഇടപാടുകാരൻ മൊഹമ്മദ് അഫ്‌സലാണ്. മൂന്നാം സമ്മാനമായ പത്തു പവൻ സ്വർണം ചെറുവണ്ണൂർ ശാഖയിലെ സൈനുദ്ദീനും സ്വന്തമാക്കി.

33 റോയൽ എൻഫീൽഡ് ബുള്ളറ്റുകൾക്കുള്ള നറുക്കെടുപ്പും ചടങ്ങിൽ നടന്നു. സ്‌മാർട്ട് ശാഖകളായി നവീകരിച്ച കൊയിലാണ്ടി 1, കൊയിലാണ്ടി 2 ശാഖകളുടെ ഉദ്‌ഘാടനവും മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു.