ആദ്യം മണ്‍സൂണ്‍ ബംപര്‍, പിന്നെ പൂജാ ബംപര്‍; ചന്ദ്രന് രണ്ട് തവണയും അടിച്ചത് കോടികള്‍

Thursday 12 December 2024 10:05 PM IST

തൃശൂര്‍: ഭാഗ്യദേവതയുടെ കടാക്ഷം തേടിയാണ് നിരവധിപേര്‍ ലോട്ടറി ടിക്കറ്റ് എടുക്കുന്നത്. ഭൂരിഭാഗം ആളുകള്‍ക്കും ലോട്ടറിയില്‍ നിന്ന് സമ്മാനമൊന്നും ലഭിക്കാറില്ലെങ്കിലും ചിലര്‍ക്ക് ഒന്നിലധികം തവണയാണ് ഭാഗ്യം കൈവരുന്നത്. അത്തരത്തിലൊരു അനുഭവമാണ് തൃശൂര്‍ തൃപ്രയാറുകാരന്‍ ചന്ദ്രന്റേത്. ഒന്നല്ല രണ്ട് തവണയാണ് ബംപറടിച്ചത്, അതും കോടികള്‍. 2014ല്‍ മണ്‍സൂണ്‍ ബംപര്‍ ഒന്നാം സമ്മാനമായ മൂന്ന് കോടി കിട്ടിയപ്പോള്‍ ഇത്തവണ പൂജാ ബംപറില്‍ രണ്ടാം സമ്മാനമായി ഒരു കോടി രൂപയാണ് അടിച്ചത്.

വീടിന് സമീപമുള്ള കവലയില്‍ ചെറിയൊരു പെട്ടിക്കട നടത്തുകയാണ് ചന്ദ്രന്‍. ബീഡി, സിഗററ്റ്, മിഠായി പോലുള്ള ചെറുകിട സാധനങ്ങളും ഒപ്പം ലോട്ടറിയുമാണ് ചന്ദ്രന്‍ വിറ്റുവന്നിരുന്നത്. 15 വര്‍ഷമായി കച്ചവടം നടത്തുന്നു. 2014ല്‍ അന്ന് രണ്ട് ടിക്കറ്റുകള്‍ മാറ്റി വെച്ചു, അതിലൊന്നിന് ഒന്നാം സമ്മാനം കിട്ടുകയും ചെയ്തു. പിന്നീട് ഇപ്പോള്‍ പൂജ ബംപര്‍ വഴി ഒരു കോടി. ഇങ്ങനെ രണ്ട് തവണ ഭാഗ്യം കൈവന്നതിനെ ദൈവത്തിന്റെ അനുഗ്രഹം എന്ന് പറയാനാണ് ചന്ദ്രന്‍ എന്ന 85കാരന് ഇഷ്ടം.

പത്രത്തില്‍ വന്ന വാരഫലം വായിച്ചപ്പോള്‍ ഇത്തവണ ലോട്ടറിയടിക്കാനുള്ള യോഗം കാണുന്നുവെന്ന് വായിച്ചു. തുടര്‍ന്നാണ് ടിക്കറ്റ് എടുത്തത്. മുമ്പ് ലോട്ടറി കിട്ടിയ പണം കൊണ്ട് ഭൂമി വാങ്ങിച്ചു. ഇപ്പോള്‍ താമസിക്കുന്ന വീട് പണിതീര്‍ത്തു, മകന് സ്വന്തമായി ഒരു കച്ചവടം ആരംഭിച്ചു. പിന്നെ ചെറിയ ചില സഹായങ്ങള്‍ വിവാഹത്തിനും മറ്റുമൊക്കെയായി സംഭാവന ചെയ്തു. പണം വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നാണ് ലോട്ടറി സമ്മാനം ലഭിക്കുന്നവരോട് ചന്ദ്രേട്ടന് പറയാനുള്ളത്.

ഇപ്പോഴും ലോട്ടറി എടുക്കുന്നത് ഒരു പതിവാണ്. ദിവസവും മൂന്നും നാലും ലോട്ടറിയൊക്കെ എടുക്കും. അന്ന് ലോട്ടറി അടിച്ച ശേഷം രണ്ട് ദിവസം കാര്യങ്ങള്‍ ആരോടും പറഞ്ഞിരുന്നില്ല. എറണാകുളത്ത് ജോലി ചെയ്യുകയായിരുന്ന മകന്‍ വന്ന ശേഷമാണ് കാര്യം പുറത്ത് പറഞ്ഞത്. അതുവരെ ടിക്കറ്റ് വിറ്റ് പോയി എന്ന രീതിയിലാണ് നാട്ടുകാരോട് പറഞ്ഞത്. ഇപ്പോള്‍ രണ്ടാമതും ലോട്ടറി അടിച്ചുവെന്ന് അറിഞ്ഞ് സഹായം ചോദിച്ച് നിരവധിപേര്‍ വരാറുണ്ടെന്നും മകന്‍ അരുണ്‍ പറയുന്നു.