മുല്ലപ്പെരിയാറിൽ അറ്രകുറ്റപ്പണി: തമിഴ്നാടിന് അനുമതി

Friday 13 December 2024 4:18 AM IST

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപ്പണി നടത്താൻ തമിഴ്നാടിന് കേരളത്തിന്റെ അനുമതി. തമിഴ്നാട് ഔദ്യോഗികമായി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് അഡിഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.

അറ്റകുറ്റപ്പണി കേരളം തടഞ്ഞ കാര്യം തമിഴ്നാട് മന്ത്രി ദുരൈമുരുകൻ നിയമസഭയിൽ ഉന്നയിച്ചതിന് പിന്നാലെയാണ് കേരളം അനുമതി നൽകിയത്. ഈ വിഷയത്തിൽ ഇന്നലെ വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയിൽ കേരള -തമിഴ്നാട് മുഖ്യമന്ത്രിമാർ ചർച്ച നടത്തുമെന്നും വാർത്തയുണ്ടായിരുന്നു. എന്നാൽ, ചർച്ച നടന്നില്ല

ഏഴ് നിബന്ധനകളോടെയാണ് കേരളം അനുമതി നൽകിയത്. പുതിയ നിർമ്മാണങ്ങൾ നടത്തരുത്, എം.ഐ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്നവരുടെയോ സാന്നിദ്ധ്യത്തിലാകണം, നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകുമ്പോൾ വനനിയമങ്ങൾ പാലിക്കണം, മറ്റ് സാമഗ്രികളൊന്നും ഡാം സൈറ്റിൽ കൊണ്ടുവരരുത് തുടങ്ങിയവയാണ് നിബന്ധനകൾ.കേരളത്തിന്റെ അനുമതി തേടാതെ നേരത്തെ അറ്റകുറ്റപ്പണികൾക്കായി രണ്ട് ലോറി മണൽ കൊണ്ടുവന്നത് കേരളം തടഞ്ഞിരുന്നു. വള്ളക്കടവ് ചെക്ക് പോസ്റ്റിൽ ദിവസങ്ങളോളം കിടന്നിരുന്ന ലോറി പിന്നീട് മണൽ മറ്റൊരിടത്ത് ഉപേക്ഷിച്ചാണ് മടങ്ങിയത്.