'അധികം ആര്‍ക്കും അറിയാത്ത ഒരു മുഖമുണ്ട് സഞ്ജു സാംസണ്, അത് ഞാന്‍ കണ്ടിട്ടുണ്ട്'

Thursday 12 December 2024 10:21 PM IST

തിരുവനന്തപുരം: കേരളത്തിന് പുറത്തും വലിയ ആരാധക പിന്തുണയുള്ള ക്രിക്കറ്റ് താരമാണ് മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണ്‍. അഞ്ച് മത്സരങ്ങള്‍ക്കിടെ മൂന്ന് തവണ രാജ്യത്തിനായി സെഞ്ച്വറിയും കുറിച്ച് തകര്‍പ്പന്‍ ഫോമിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. കിട്ടിയ അവസരങ്ങളില്‍ സമ്മര്‍ദം കാരണം മികച്ച പ്രകടം പുറത്തെടുക്കാന്‍ കഴിയാതിരുന്ന താരം ഇപ്പോള്‍ ഇന്ത്യയുടെ ട്വന്റി 20 ടീമിന്റെ സ്ഥിരം ഓപ്പണറായി മാറിക്കഴിഞ്ഞു.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജുവിനെ കുറിച്ച് തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നറും സീനിയര്‍ താരവുമായ രവിചന്ദ്രന്‍ അശ്വിന്‍. രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന അശ്വിനെ ഈ സീസണിന് മുന്നോടിയായി മെഗാ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയിരുന്നു. രാജസ്ഥാനില്‍ ഒരുമിച്ച് കളിക്കുമ്പോഴുള്ള സഞ്ജുവിന്റെ ഒരു സ്വഭാവത്തേക്കുറിച്ചാണ് അശ്വിന്‍ മനസ്സ് തുറന്നത്.

'വ്യക്തിപരമായ നേട്ടങ്ങളെക്കാള്‍ എല്ലായ്‌പ്പോഴും ടീമിന്റെ വിജയത്തിന് പ്രാധാന്യം നല്‍കുന്ന കളിക്കാരനും ക്യാപ്റ്റനുമാണ് സഞ്ജുവെന്നും ഓരോ ഷോട്ട് കളിക്കുമ്പോള്‍ പോലും താരത്തിന്റെ മനസ്സില്‍ ഉള്ളത് ടീം എന്ന ചിന്ത മാത്രമാണ് എന്നും അശ്വിന്‍ പറഞ്ഞു. കളത്തില്‍ ഇറങ്ങി ബാറ്റിംഗിന് വന്നാല്‍ സെഞ്ച്വറി, അര്‍ദ്ധ സെഞ്ച്വറി ഒന്നും അവന്റെ മനസ്സില്‍ ഇല്ല. ടീം മാത്രമാണ് അവന്റെ മനസ്സില്‍ ഉള്ളത്. നേട്ടങ്ങളൊക്കെ ടീമിന്റെ ഗുണത്തിന് വേണ്ടി ആകുമ്പോള്‍ ആണ് അവന് സന്തോഷം തോന്നുന്നത്'.

സഞ്ജുവിനോട് ആരെങ്കിലും സൂക്ഷിച്ച് കളിക്കണം എന്ന് പറഞ്ഞാല്‍ പോലും അവന് അത് ചെയ്യില്ല. സഞ്ജു തനത് ശൈലിയില്‍ മാത്രമേ കളിക്കൂവെന്നും അശ്വിന്‍ പറഞ്ഞു. 'ഇത് മാത്രമല്ല സഞ്ജു മറ്റൊരു കാര്യത്തിനും പ്രശംസ അര്‍ഹിക്കുന്നു. അവന്‍ നല്ല ഒരു മനസിന്റെ ഉടമയാണ്. സഹതാരങ്ങളുടെ നേട്ടത്തില്‍ അവന്‍ സന്തോഷിക്കുന്നു. അതാണ് അവനെ മറ്റുള്ള താരങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഘടകം. സഞ്ജു ശരിക്കും സ്‌പെഷ്യല്‍ ആണ്.' -അശ്വിന്‍ പറഞ്ഞു.