നെഹ്റു ട്രോഫി വള്ളംകളി 31 ന് : ചാമ്പ്യൻസ് ബോട്ട് ലീഗിനും തുടക്കം
കൊച്ചി: കാലവർഷക്കെടുതിയെ തുടർന്ന് മാറ്റിവച്ച ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 31 ന് നടത്താനും പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിന് (സി.ബി.എൽ) തുടക്കം കുറിക്കാനും ടൂറിസം വകുപ്പ് തീരുമാനിച്ചു.ആലപ്പുഴ പുന്നമടക്കായലിലാണ് നെഹ്റു ട്രോഫിക്കൊപ്പം സി.ബി.എൽ നടക്കുന്നത്.വർഷകാല വിനോദമായി ഐ.പി.എൽ മാതൃകയിൽ കേരളത്തിലെ 12 ചുണ്ടൻ വള്ളംകളി മത്സരങ്ങളെ കോർത്തിണക്കി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ജലോത്സവമായ സി.ബി.എല്ലിലെ മറ്റു മത്സരങ്ങളുടെ പുതുക്കിയ തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ടൂറിസം ഡയറക്ടർ പി. ബാലകിരൺ പറഞ്ഞു.ഒമ്പതു ടീമുകൾ അണിനിരക്കുന്ന മത്സരത്തിൽ മൊത്തം 5.9 കോടി രൂപയാണ് സമ്മാനത്തുക. ട്രോപ്പിക്കൽ ടൈറ്റൻസ് (വില്ലേജ് ബോട്ട് ക്ലബ് ), ബാക്ക് വാട്ടർ നൈറ്റ്സ് (വില്ലേജ് ബോട്ട് ക്ലബ്), ബാക്ക് വാട്ടർ നിഞ്ച (ബ്രദേഴ്‌സ് ബോട്ട് ക്ലബ്), ബാക്ക് വാട്ടർ വാരിയേഴ്‌സ് (ടൗൺ ബോട്ട് ക്ലബ്), കോസ്റ്റ് ഡോമിനേറ്റേഴ്‌സ് (യുണൈറ്റഡ് ബോട്ട് ക്ലബ്), മൈറ്റി ഓർസ് (എൻ.സി.ഡി.സി), പ്രൈഡ് ചസേഴ്‌സ് (വേമ്പനാട് ബോട്ട് ക്ലബ്), റേജിംഗ് റോവേഴ്‌സ് (പൊലീസ് ബോട്ട് ക്ലബ്), തണ്ടർ ഓർസ് (കെ.ബി.സി/ എസ്.എഫ്.ബി.സി) എന്നിവയാണ് മത്സരത്തിൽ അണിനിരക്കുന്ന ടീമുകൾ.ഓരോ മത്സരങ്ങളിലും ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 5 ലക്ഷം, 3 ലക്ഷം, 1 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും. പന്ത്രണ്ടു മത്സരങ്ങളിലെ പോയിന്റുകൾക്കനുസരിച്ച് ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് യഥാക്രമം 25 ലക്ഷം , 15 ലക്ഷം, 10 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും. ഓരോ മത്സരത്തിലും എല്ലാ വള്ളംകളി സംഘത്തിനും നാലു ലക്ഷം രൂപ വീതം ബോണസ് ലഭിക്കും.