മുന്നേറ്റ പാതയിൽ അദാനി ഗ്രൂപ്പ് ഓഹരികൾ
കൊച്ചി: അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയിൽ ഇന്നലെ മികച്ച മുന്നേറ്റമുണ്ടായി. ഇന്ത്യൻ ഓഹരി വിപണിയിലെ കനത്ത വില്പന സമ്മർദ്ദം അതിജീവിച്ചാണ് അദാനി കമ്പനികൾ നേട്ടമുണ്ടാക്കിയത്. അദാനി ഗ്രീൻ എനർജി രാജസ്ഥാനിൽ 350 മെഗാവാട്ട് സൗരോർജ പദ്ധതി കമ്മീഷൻ ചെയ്തതോടെയാണ് ഓഹരി വിലയിൽ കുതിപ്പുണ്ടായത്. ഇതോടെ കമ്പനിയുടെ പുനരുപയോഗ ഉൗർജ ഉത്പാദന ശേഷി 11,434 മെഗാവാട്ടായി ഉയർന്നു. ഇന്നലെ അദാനി ഗ്രീൻ എനർജിയുടെ ഓഹരി വില 7.2 ശതമാനം ഉയർന്ന് 1,232 രൂപയിലെത്തി. അദാനി പവർ, അദാനി ടോട്ടൽ ഗ്യാസ്, എൻ.ഡി.ടി.വി, അദാനി പോർട്ട്‌സ് എന്നിവയുടെ ഓഹരി വില രണ്ട് മുതൽ അഞ്ച് ശതമാനം വരെ ഉയർന്നു. അംബുജ സിമന്റ്സ് മാത്രമാണ് ഇന്നലെ നേരിയ നഷ്‌ടം നേരിട്ടത്. ഇന്നലെ മാത്രം അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യത്തിൽ 27,000 കോടി രൂപയുടെ വർദ്ധനയുണ്ടായി. ഇതോടെ ഗ്രൂപ്പിന്റെ മൊത്തം വിപണി മൂല്യം 13.6 ലക്ഷം കോടി രൂപയായി.
നഷ്‌ടപാതയിൽ തുടർന്ന് ഓഹരി വിപണി
തുടർച്ചയായ നാലാം ദിവസവും ഇന്ത്യയിലെ പ്രധാന ഓഹരി സൂചികകൾ വില്പന സമ്മർദ്ദം നേരിട്ടു. സെൻസെക്സ് 236.8 പോയിന്റ് നഷ്‌ടവുമായി 81,289.96ൽ അവസാനിച്ചു. നിഫ്‌റ്റി 93.1 പോയിന്റ് ഇടിഞ്ഞ് 24,548.70ൽ അവസാനിച്ചു. ചെറുകിട, ഇടത്തരം ഓഹരികളും കനത്ത വില്പന സമ്മർദ്ദം നേരിട്ടു. അമേരിക്കയിൽ മുഖ്യ പലിശ കുറച്ചേക്കുമെന്ന പ്രതീക്ഷയിൽ ഐ.ടി മേഖലയിലെ കമ്പനികളുടെ ഓഹരികളിൽ കുതിപ്പുണ്ടായി.