മണിയാർ വൈദ്യുത പദ്ധതി: വൻ അഴിമതിക്ക് നീക്കമെന്ന് ചെന്നിത്തല രേഖകൾ ഇന്ന് പുറത്തുവിടും

Friday 13 December 2024 12:31 AM IST

ന്യൂഡൽഹി: കാർബൊറാണ്ടം യൂണിവേഴ്‌സൽ കമ്പനിക്ക് മണിയാർ ജലവൈദ്യുത പദ്ധതിയുടെ ബി.ഒ.ടി കരാർ 25 വർഷത്തേക്ക് കൂടി നീട്ടാനുള്ള നീക്കത്തിൽ അഴിമതി ആരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെ.എസ്.ഇ.ബിയുടെ എതിർപ്പിനെ മറികടന്ന് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയാണ് കരാർ നീട്ടാൻ നീക്കമെന്നും കൂടുതൽ രേഖകൾ ഇന്ന് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

യൂണിറ്റിന് 50 പൈസയിൽ താഴെ മാത്രം ചെലവുവരുന്ന പദ്ധതി 2025 ജനുവരി ഒന്നുമുതൽ കെ.എസ്.ഇ.ബിക്ക് കൈമാറിക്കിട്ടേണ്ടതായിരുന്നു. മുഖ്യമന്ത്രിയും വൈദ്യുതി, വ്യവസായ മന്ത്രിമാരും മന്ത്രിസഭയെ നോക്കുകുത്തിയാക്കുകയാണ്. കരാർ നീട്ടുന്നതിലെ എതിർപ്പ് കെ.എസ്.ഇ.ബി ചെയർമാനും ചീഫ് എൻജിനിയറും ഊർജ സെക്രട്ടറിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2018-19 കാലത്ത് വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായി എന്ന കാരണം പറഞ്ഞാണ് കമ്പനി കാലാവധി നീട്ടി ചോദിക്കുന്നത്. മണിയാറിൽ കാര്യമായ നാശമുണ്ടായിട്ടില്ല. ഉണ്ടായെങ്കിൽ നഷ്ടപരിഹാരം ഇൻഷ്വറൻസ് കമ്പനി നൽകും. അടുത്ത പത്തുവർഷത്തേക്ക് യാതൊരു അറ്റകുറ്റപ്പണിയും നടത്താതെ വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പദ്ധതി സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള നീക്കം ഉപഭോക്താക്കളെ വഞ്ചിക്കുന്നതിന് തുല്യമാണ്.

ഇത് കൈമാറിക്കിട്ടിയാൽ പത്തുവർഷം കൊണ്ട് ഏതാണ്ട് 140 കോടി രൂപയുടെ പ്രയോജനം ഉപഭോക്താക്കൾക്ക് കൈമാറാനാകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ട്. വൻതുക മുടക്കി സ്വകാര്യ കമ്പനികളിൽ നിന്നും വൈദ്യുതി വാങ്ങുമ്പോഴാണ് കുറഞ്ഞ ചെലവുവരുന്ന പദ്ധതി ഇല്ലാതാക്കുന്നത്.