മന്ത്രിയെ പ്രീതിപ്പെടുത്താൻ പി.ജി പരീക്ഷ നേരത്തേയാക്കി; വെട്ടിലായപ്പോൾ മാറ്റി
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കും സൽപ്പേര് നേടിക്കൊടുക്കുന്നതിന് പി.ജി പരീക്ഷകൾ നേരത്തേ നടത്താനൊരുങ്ങിയ കേരള സർവകലാശാല പുലിവാല് പിടിച്ചു.വിദ്യാർത്ഥി സമരത്തെ തുടർന്ന് ഒടുവിൽ തിയതികൾ പഴയ പടിയാക്കി.
അക്കാഡമിക് കലണ്ടർ പ്രകാരം സെപ്തംബർ മൂന്നിന് തുടങ്ങാനിരുന്ന നാലാം സെമസ്റ്റർ പി.ജി പരീക്ഷകളാണ് നേരത്തേയാക്കിയത്. സെപ്തംബർ അവസാനവാരത്തിലോ ഒക്ടോബർ ആദ്യവാരത്തിലോ പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ച പ്രകാരമാണിത്. വിദ്യാർത്ഥികൾ സമരവുമായി രംഗത്തെത്തിയതോടെ പരീക്ഷകൾ മുൻപ് നിശ്ചയിച്ച തീയതികളിലേക്ക് മാറ്റി.
സെപ്തംബർ മൂന്നിന് തുടങ്ങി 20ന് അവസാനിക്കുന്ന രീതിയിലാണ് നാലാം സെമസ്റ്റർ പി.ജി പരീക്ഷകൾ ക്രമീകരിച്ചിരുന്നത്. ഇതുപ്രകാരമുള്ള ഷെഡ്യൂളും സർവകലാശാല പുറത്തിറക്കി. പരീക്ഷയ്ക്ക് ശേഷം പ്രോജക്ട് സമർപ്പിക്കുന്ന പതിവ് രീതിയായിരുന്നു ഷെഡ്യൂളിൽ. എന്നാൽ ഈമാസം 30ന് പരീക്ഷ നടത്താൻ പുതിയ വിജ്ഞാപനമിറക്കി . 26ന് പ്രോജക്ട് സമർപ്പിക്കാനും നിർദ്ദേശിച്ചു. പരീക്ഷാ തയ്യാറെടുപ്പിലായതിനാൽ ഭൂരിഭാഗം വിദ്യാർത്ഥികളും പ്രോജക്ട് തയ്യാറാക്കിതുടങ്ങിയിരുന്നില്ല.
ആർട്സ് വിഷയങ്ങൾക്ക് അഞ്ചും സയൻസിന് മൂന്നും പരീക്ഷകളാണുള്ളത്. വിദ്യാർത്ഥി പ്രതിഷേധം കാരണം സെപ്തംബർ 3, 5, 16, 18, 20 തീയതികളിലേക്ക് പരീക്ഷ മാറ്റി. 25നകം പ്രോജക്ട് സമർപ്പിക്കണം. അതിനുശേഷം കോളേജുകളിൽ വൈവോസി നടത്തും. ഇതുപ്രകാരമുള്ള വിജ്ഞാപനം ഇന്നലെ വൈകിട്ട് പുറത്തിറക്കി. നേരത്തേ, സെമസ്റ്റർ പഠനം പൂർത്തിയാവും മുൻപ് ബിരുദ വിദ്യാർത്ഥികൾക്ക് പരീക്ഷ നിശ്ചയിച്ചത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രവേശനം നേരത്തേ പൂർത്തിയാക്കിയെന്ന ഖ്യാതി നേടാൻ ഓപ്പൺസ്കൂൾ പരീക്ഷാ ഫലം വരുന്നതിന് മുൻപ് ബിരുദ പ്രവേശനം പൂർത്തിയാക്കിയതും പ്രതിഷേധമുണ്ടാക്കിയിരുന്നു.