മലപ്പുറത്ത് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾക്ക് നേരെ കാർ പാഞ്ഞുകയറി, മൂന്ന് കുട്ടികൾക്ക് പരിക്ക്
മലപ്പുറം: പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികൾക്ക് നേരെ കാർ പാഞ്ഞുകയറി മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. പൊന്നാനിയിൽ ഉച്ചയോടെയാണ് സംഭവം. പൊന്നാനി എ വി ഹൈസ്‌കൂളിലെ മൂന്ന് കുട്ടികൾക്കാണ് പരിക്കേറ്റത്. പത്താം ക്ളാസ് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ.
നിയന്ത്രണം വിട്ടെത്തിയ കാർ കുട്ടികളെ ഇടിച്ച ശേഷം മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. കുട്ടികളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. പൊന്നാനി താലൂക്ക് ആശുപത്രിയിലും, മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലുമാണ് കുട്ടികൾ.
പാലക്കാട് പനയമ്പാടത്ത് എട്ടാം ക്ളാസുകാരായ നാല് കുട്ടികളുടെ ജീവനെടുത്ത അപകടത്തിന്റെ ഞെട്ടലിനിടയിലാണ് പുതിയ സംഭവം. വിദ്യാർത്ഥിനികളുടെ മൃതദേഹം ഖബറടക്കി. തുപ്പനാട് ജുമാ മസ്ജിദിലാണ് ഖബറടക്കിയത്.ചെറുള്ളി സ്വദേശികളായ അബ്ദുൾ സലാമിന്റെ മകൾ പി.എ.ഇർഫാന ഷെറിൻ, അബ്ദുൾ റഫീഖിന്റെ മകൾ റിദ ഫാത്തിമ, അബ്ദുൾ സലീമിന്റെ മകൾ കെ.എം.നിദ ഫാത്തിമ, ഷറഫുദ്ദീന്റെ മകൾ എ.എസ്.ആയിഷ എന്നിവരാണ് കഴിഞ്ഞദിവസം അപകടത്തിൽ മരിച്ചത്.