'അപകടം എന്റെ പിഴവ്'; ഡ്രൈവറുടെ കുറ്റസമ്മതം

Saturday 14 December 2024 1:19 AM IST

പാലക്കാട്: പനയമ്പാടം അപകടം തനിക്ക് പറ്റിയ പിഴവാണെന്ന് ലോറി ഡ്രൈവർ പ്രജീഷ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഒരു ബൈക്ക് കുറുകെ ചാടി. അത് ശ്രദ്ധിക്കാതെ പോയപ്പോഴുള്ള പിഴവാണ് അപകടകാരണമെന്നാണ് മൊഴി. വഴിക്കടവ് സ്വദേശി പ്രജീഷ് ജോണിനെതിരെ (27) നേരത്തെ തന്നെ നരഹത്യ ചുമത്തിയിരുന്നു. പ്രജീഷ് ഓടിച്ച ലോറി സിമന്റ് ലോറിയിൽ തട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട് സിമന്റ് ലോറി മറിഞ്ഞു.

അതിനിടെ,​ സിമന്റ് ലോറി ഡ്രൈവർ മഹീന്ദ്ര പ്രസാദിനെതിരെയും (34) നരഹത്യയ്ക്ക് കേസെടുത്തു. ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മണ്ണാർക്കാട് മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ലോറി അപകടം നടന്ന സ്ഥലത്ത് ഇന്നലെ ഫോറൻസിക് വിദഗ്ദ്ധരുടെ നേതൃത്വത്തിൽ പരിശോധന നടന്നു. അമിതവേഗതയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനും കുറ്റകരമായ നരഹത്യാക്കുറ്റം ചുമത്തിയുമാണ് കേസെടുത്തിട്ടുള്ളതെന്ന് ഡിവൈ.എസ്.പി പറഞ്ഞു. അപകടത്തിൽ ഇരുവർക്കും പരിക്കേറ്റിരുന്നു. ചികിത്സയ്ക്കുശേഷം സുഖംപ്രാപിച്ച ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു.