ആലപ്പുഴയെ മാറ്റിയ ആ സൗകര്യം കോട്ടയത്തുമെത്തും,​ പക്ഷേ തടസമായി നിൽക്കുന്നത് ഒന്നുമാത്രം

Saturday 14 December 2024 1:59 AM IST

കോട്ടയം : കോട്ടയത്തിന് അനുവദിച്ച അതിവേഗ എ.സി ബോട്ടായ വേഗ എന്ന് നീറ്റിലിറങ്ങും എന്ന് ചോദിച്ചാൽ അധികൃതരും ആദ്യം ഒന്ന് കൈമലർത്തും. ചോദ്യം വീണ്ടും ആവർത്തിക്കുമ്പോൾ ബോട്ടിന്റെ നിർമ്മാണ ജോലികൾ പുരോഗമിക്കുന്നു, ഉടൻ എത്തും എന്ന ഒഴുക്കൻ മറുപടി നൽകും. കോടിമതയിൽ വേഗ എത്തുമെന്ന് പറയാൻ തുടങ്ങിയിട്ട് 4 വർഷമായി. യാത്രക്കാരും കാത്തിരിക്കുകയാണ്. കുറഞ്ഞസമയത്തിൽ കുറഞ്ഞ ചെലവിൽ കായൽ യാത്ര ആസ്വദിക്കാമെന്നതാണ് പ്രത്യേകത. കായൽ യാത്രയ്ക്ക് തോന്നുംപടി ചാർജാണ് സ്വകാര്യ ഹൗസ് ബോട്ടുകളും ശിക്കാര ബോട്ടുകളും ഈടാക്കുന്നത്. ജലഗതാഗതം പ്രോത്സാഹിപ്പിക്കാൻ പാസഞ്ചർ സർവീസിനൊപ്പം ടൂറിസം സാദ്ധ്യതയും പ്രയോജനപ്പെടുത്തുകയാണ് വേഗ ലക്ഷ്യമിടുന്നത്. ഒന്നേകാൽ മണിക്കൂർ കൊണ്ട് കോടിമതയിൽ നിന്ന് ആലപ്പുഴ എത്തും. ആലപ്പുഴ, വൈക്കം എന്നിവിടങ്ങളിലാണ് നിലവിൽ വേഗ ബോട്ടുകൾ സർവീസ് നടത്തുന്നത്. വൻലാഭത്തിലുമാണ് ഓടുന്നത്. ടൂറിസ്റ്റ് ബോട്ടായും ഉപയോഗിക്കാം.

120 പേർക്ക് യാത്ര ചെയ്യാം

120 യാത്രക്കാർക്ക് ഇരുന്ന് യാത്ര ചെയ്യാമെന്നതാണ് പ്രത്യേകത. എ സി സീറ്റുകൾ, നോൺ എ സി സീറ്റുകൾ എന്നിവയുണ്ടാകും. കേരളത്തിന്റെ തനതായ നാടൻ ഭക്ഷണങ്ങൾ, സ്‌നാക്‌സ് തുടങ്ങിയവയാണ് പ്രധാന ആകർഷണം. വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കണ്ടക്ടഡ് ടൂർ ട്രിപ്പും സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ വൺഡേ ട്രിപ്പ് മാതൃകയിൽ സർവീസ് നടത്താനുമാണ് ലക്ഷ്യമിട്ടിരുന്നത്. കോടിമതയിൽ നിന്നുമുള്ള നിലവിലെ ബോട്ട് ചാലിൽ പൊക്ക് പാലങ്ങളടക്കം തടസമുള്ളതിനാൽ പള്ളം കായലിലൂടെയാകും യാത്ര ക്രമീകരിക്കുക.


''യാർഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കോട്ടയത്തേയ്ക്ക് എന്ന് എത്തുമെന്നതിൽ തീരുമാനമായിട്ടില്ല.

(ജലഗതാഗത വകുപ്പ് അധികൃതർ)