കുഞ്ഞിക്കൈയിൽ പിറന്ന ചിത്രങ്ങൾ ദുരിതബാധിതരുടെ കണ്ണീരൊപ്പും
തൃശൂർ: അക്കു എന്ന അഞ്ചുവയസുകാരൻ, താൻ വരച്ച ഒമ്പത് ചിത്രങ്ങൾ വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 34,500 രൂപയാണ്. കുഞ്ഞുകരങ്ങൾ തീർത്ത മനോഹര ചിത്രങ്ങൾ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ ചേർത്തുപിടിക്കാൻ പ്രയോജനപ്പെടുത്താമെന്ന ആശയം മാതാപിതാക്കളായ ഷസിയയുടെയും അജയന്റെയുമായിരുന്നു. അക്കുവിനോട് ചോദിച്ചപ്പോൾ അവനും പൂർണസമ്മതം. എന്നാൽ നമുക്കിനീം കൊറെ വരക്കാല്ലേ എന്നാണ് അക്കു അമ്മയോട് പറഞ്ഞത്. ഒടുവിൽ മാതാപിതാക്കൾ കഴിഞ്ഞയാഴ്ച ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടു.......
' ഒരു അഞ്ചുവയസുകാരന്റെ ഏറ്റവും വലിയ സമ്പാദ്യമാണ്. വെള്ളപ്പൊക്കത്തിൽ ഉടുപ്പുകളും കളിപ്പാട്ടങ്ങളുമൊക്കെ ഒഴുകിപ്പോയ കുഞ്ഞുകുട്ടികൾക്ക് വേണ്ടി ഈ ചിത്രങ്ങൾ കൊടുത്താലോ എന്ന് ചോദിച്ചപ്പോൾ അവൻ സന്തോഷത്തോടെ സമ്മതിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2,000 രൂപ നിക്ഷേപിച്ചതിന്റെ സ്‌ക്രീൻഷോട്ട് ഇൻ ബോക്‌സിൽ അയയ്ക്കുന്ന ആർക്കും അക്കു വരച്ച ഒരു മനോഹര ചിത്രം അയച്ചു തരും. എല്ലാം ഫ്രെയിം ചെയ്ത ചിത്രങ്ങളാണ്...''
ഒരാഴ്ചയ്ക്കുള്ളിൽ ചിത്രം വാങ്ങിയത് 9 പേരാണ്. 2000 രൂപയിലേറെ നൽകിയവരുമുണ്ട് കൂട്ടത്തിൽ.180 രൂപ വരും ചിത്രം തപാലിൽ അയച്ചുകൊടുക്കാൻ. ഇനിയും 13 ചിത്രങ്ങൾ കൂടി ബാക്കിയുണ്ടെന്ന് അജയൻ പറയുന്നു.
അക്കുവിന്റെ ചിത്രത്തിന്റെ പ്രതിഫലമായി, അവന്റെ പേരിൽ ദുരിതാശ്വാസനിധിയിലേക്ക് 2000രൂപ ആദ്യം നൽകിയത് ഫേസ്ബുക്ക് സുഹൃത്തായ നിജീഷായിരുന്നു.
'അക്കുചക്കു കഥകൾ' എന്ന ഫേസ്ബുക്ക് പേജിലാണ് അക്കുവെന്ന അമൻ വരച്ച ചിത്രങ്ങൾ വില്പനയ്ക്ക് വച്ചിരിക്കുന്നത്.
പ്രകൃതിയും മിന്നാമിനുങ്ങും നക്ഷത്രങ്ങളും പുഴകളും പൂക്കളുമൊക്കെയാണ് അക്കുവിന്റെ വിഷയങ്ങൾ.
ചിത്രകാരിയും സിവിൽ എൻജിനിയറുമായ അമ്മയുടെ മടിയിലിരുന്നാണ് ഒന്നര വയസിൽ ബ്രഷും, കാൻവാസും അക്കു ആദ്യം പിടിക്കുന്നത്. വടക്കാഞ്ചേരി ഗവ. എൽ.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. അച്ഛൻ അജയൻ കോൺട്രാക്ടറാണ്. കഴിഞ്ഞ മേയ് 25 ന് വടക്കാഞ്ചേരിയിൽ അക്കുവിന്റെ ചിത്രപ്രദർശനം കാണാൻ നിരവധി പേരെത്തിയിരുന്നു.
'എം.ടി. അപ്പൂപ്പന്' അക്കുവിന്റെ സമ്മാനം
ഞായറാഴ്ച വടക്കാഞ്ചേരി പബ്ളിക് ലൈബ്രറിയിൽ കഥാകൃത്ത് പി.ശങ്കരനാരായണനെ ആദരിക്കുന്ന ചടങ്ങിൽ എം.ടി.വാസുദേവൻ നായർ എത്തിയിരുന്നു. പരിപാടിക്കിടയിൽ അക്കുവിനെ സ്റ്റേജിലേക്ക് വിളിച്ചു. അക്കു അദ്ദേഹത്തിന് ചിത്രം സമർപ്പിച്ചു. എം.ടി ഒരു കഥാപുസ്തകം തിരിച്ചും സമ്മാനിച്ചു. 'എം.ടി അപ്പൂപ്പൻ ചിരിക്കില്ല, ഭയങ്കര സീരിയസായിട്ടാ ഇരിക്കുന്നതെന്ന് ' പറഞ്ഞെങ്കിലും, അക്കൂനോട് ചിരിച്ചു. ഷേക്ക് ഹാൻഡും കൊടുത്തു.