@ എൻ.എച്ച്.എം ആരോഗ്യ പ്രവർത്തകരോട് അവഗണന വേലയേറെ, കൂലിയില്ല

Sunday 15 December 2024 12:02 AM IST
എൻ.എച്ച്.എം

കോഴിക്കോട്: ആരോഗ്യ കേരളത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന നാഷണൽ ഹെൽത്ത് മിഷന് കീഴിലെ ആരോഗ്യ പ്രവർത്തകരെ രണ്ടാംതരക്കാരായി കണ്ട് സർക്കാരുകൾ. സംസ്ഥാനത്തെ വിവിധ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ജോലിയെടുക്കുന്ന ഡോക്ടമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ ഉൾപ്പെടെ 13000ത്തോളം ആരോഗ്യ പ്രവർത്തകരുടെ ശമ്പളവും ആനുകൂല്യങ്ങളും ക്രമം തെറ്റിയിട്ട് മാസങ്ങൾ. 2024 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശമ്പളം ഇപ്പോഴും കുടിശ്ശികയായി തുടരുകയാണ്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം ബ്രാൻഡിംഗ് (ആരോഗ്യ കേന്ദ്രങ്ങളിൽ എൻ.എച്ച്.എം ലോഗോ, അതനുസരിച്ചുള്ള പെയിന്റിംഗ് എന്നിവ പൂർത്തിയാക്കുക) നടപ്പാക്കിയില്ലെന്ന് പറഞ്ഞാണ് കേന്ദ്രഫണ്ട് അനുവദിക്കാതിരിക്കുന്നത്. ഇക്കാര്യങ്ങൾ പൂർത്തിയാക്കിയിട്ടും ഫണ്ട് ലഭ്യമാക്കുന്നതിൽ കേന്ദ്രം മടിച്ചുനിൽക്കുകയാണ്. പ്രസവാവധി അനുവദിക്കുന്നതിൽ വരെ സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്നു. ചർച്ചകൾ പലഘട്ടങ്ങളിലായി നടന്നിട്ടും ഫലം കണ്ടില്ലെന്നാണ് ഇവർ പറയുന്നത്. 60ശതമാനം കേന്ദ്രഫണ്ടും ബാക്കി സംസ്ഥാന വിഹിതവും ഉപയോഗിച്ചാണ് നാഷണൽ ഹെൽത്ത് മിഷന്റെ പ്രവർത്തനം.

13000 ആരോഗ്യ പ്രവർത്തകർ

സംസ്ഥാനത്താകെ 13000 ത്തിലധികം പേരാണ് എൻ.എച്ച്.എമ്മിനു കീഴിൽ വിവിധ ആശുപത്രികളിലായി ജോലി ചെയ്യുന്നത്. കോഴിക്കോട് മാത്രം 1200ത്തിലധികം പേർ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിലുണ്ട്. നേരത്തെ സമരം പ്രഖ്യാപിച്ചപ്പോൾ ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ എൻ.എച്ച്.എം അധികൃതരുമായി നടന്ന ചർച്ചയിൽ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇതുവരെ നടപ്പായില്ല.

18ന് സമരം

എൻ.എച്ച്.എമ്മിന്റെ സംസ്ഥാന ഓഫീസിന് മുന്നിലും ജില്ലാ പ്രോജക്ട് ഓഫീസുകൾക്കു മുന്നിലും 18ന് സൂചനാ പണിമുടക്ക് നടത്തും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കും.

ആവശ്യങ്ങൾ

ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിച്ച് അരിയർ ഉടൻ ലഭ്യമാക്കണം

പ്രസവാവധി അനുവദിക്കുന്നതിലെ സാങ്കേതികത്വം പരിഹരിക്കണം.

ദിവസ വേതന ജീവനക്കാരെ കരാർ ജീവനക്കാരായി നിയമിക്കണം.

സമഗ്രമായ എച്ച്.ആർ നയം നടപ്പിലാക്കണം.

''കൃത്യമായി ശമ്പളം കിട്ടിയിട്ട് മാസങ്ങളായി. ഇനിയും അവഗണന തുടരാനാവില്ല. എൻ.എച്ച്.എമ്മിന് കീഴിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മുതൽ പ്രൈമറി ഹെൽത്ത് സെന്റർ വരെ ജോലി ചെയ്യുന്ന എല്ലാവരും ഡിസം. 18 ന് പണിമുടക്കും.
റാൻഡോൾഫ് വിൻസെന്റ് (ജില്ലാ പ്രസിഡന്റ്, നാഷണൽ ഹെൽത്ത് മിഷൻ എംപ്ലോയീസ് യൂണിയൻ)