എട്ടുവർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം, മരണം തേടിയെത്തിയത് മറ്റൊരു ആഘോഷത്തിന് കാത്തിരിക്കെ

Sunday 15 December 2024 12:51 PM IST

പത്തനംതിട്ട: കാർ അപകടത്തിൽ നാല് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മല്ലശ്ശേരി സ്വദേശികളും നവദമ്പതികളുമായ അനു, നിഖിൽ ഇവരുടെ അച്ഛൻമാരായ മത്തായി ഈപ്പൻ, ബിജു പി ജോർജ് എന്നിവരാണ് മരിച്ചത്. എട്ട് വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ നവംബർ 30 നായിരുന്നു അനുവിന്റെയും നിഖിലിന്റെയും വിവാഹം.

മെക്കാനിക്കൽ എൻജിനിയറാണ് നിഖിൽ. 2020വരെ ഗൾഫിലായിരുന്നു. ശേഷം കാനഡയിലേക്ക് പോയി. ഇപ്പോൾ അവിടെ ക്വാളിറ്റി ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. എം എസ് ഡബ്ല്യൂ പൂർത്തിയാക്കിയ ആളാണ് അനു. അടുത്തമാസം ഭർത്താവിനോടൊപ്പം കാനഡയിലേക്ക് പോകാനുള്ള പ്ലാനിലായിരുന്നു അനു.

ഒരേ ഇടവകയിലായിരുന്നു ഇരുവരും. വീടുകൾ തമ്മിലും വലിയ അകലമില്ല. വീട്ടുകാർ തമ്മിലും വർഷങ്ങളുടെ സൗഹൃദമുണ്ട്. മലേഷ്യയിൽ ഇവരുടെ ബന്ധുക്കളുണ്ടായിരുന്നു. ഹണിമൂണിന് അങ്ങോട്ടേക്ക് പറന്നു. നാളെ അനുവിന്റെ ജന്മദിനമായിരുന്നു. വിവാഹശേഷമുള്ള ആദ്യ ജന്മദിനവും ക്രിസ്തുമസും കുടുംബത്തിനൊപ്പം ആഘോഷിച്ച ശേഷം കാനഡയിലേക്ക് പറക്കാനായിരുന്നു ദമ്പതികളുടെ പദ്ധതിയെന്നാണ് വിവരം.

ആർമിയിൽ നിന്ന് വിരമിച്ചയാളാണ് ബിജു. ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി മാനേജരാണ്. ബിജുവാണ് വണ്ടിയോടിച്ചത്. അനുവും നിഖിലും പിൻസീറ്റിലായിരുന്നു. മൂന്ന് പേർ സംഭവസ്ഥലത്തുവച്ചും അനു ആശുപത്രിയിൽവച്ചുമാണ് മരിച്ചത്. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസുമായിട്ടാണ് കാർ കൂട്ടിയിടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് വിവരം.