മരണം പതിയിരിക്കുന്ന പനയമ്പാടം, വടക്കഞ്ചേരി

Monday 16 December 2024 2:56 AM IST

പാലക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ മുണ്ടൂർ മുതൽ മണ്ണാർക്കാട് വരെയും ദേശീയപാത 544ൽ വാളയാർ മുതൽ വടക്കഞ്ചേരി വരെയുമാണ് പാലക്കാട് ജില്ലയിൽ അപകടങ്ങൾ പതിവായ രണ്ട് മേഖലകൾ. കഴിഞ്ഞയാഴ്ച സിമന്റ് ലോറി മറിഞ്ഞ് നാല് സ്കൂൾ വിദ്യാർത്ഥിനികൾ മരിച്ച കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ പനയമ്പാടത്ത് ഇതുവരെ ഉണ്ടായത് 55 അപകടങ്ങൾ. ദേശീയപാതയിലെ ഏറ്റവും വലിയ വളവുകളിലൊന്നാണ് പനയമ്പാടത്തേത്. മഴ പെയ്താൽ വളവ് വലിയ അപകടക്കെണിയാകും.

കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ ദുബായ്‌കുന്ന് മുതൽ പള്ളിപ്പടിവരെ ചെറുതും വലുതുമായ നൂറിലേറെ അപകടങ്ങളുണ്ടായി. റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടങ്ങൾക്കു കുറവില്ല. വളവും തിരിവും ഇറക്കവുമൊന്നും മാറ്റം വരുത്താതെയാണ് ദേശീയപാത നവീകരിച്ചത്. കുത്തനെയുള്ള ഇറക്കവും വളവുമുള്ള താണാവിൽ തുടങ്ങുന്നു അപകടപാത.

തൊട്ടപ്പുറത്ത് പുതുപ്പരിയാരം ഇറക്കവും അപകട മേഖലയാണ്. ഗ്യാസ് ടാങ്കറുകൾ നിയന്ത്രണം വിട്ടുമറിയുന്ന പന്നിയംപാടത്ത് വളവ് അതേപടി നിലനിറുത്തിയാണ് റോഡ് നവീകരിച്ചത്. തൂതയിലേക്കുള്ള സംസ്ഥാനപാത തിരിയുന്ന മുണ്ടൂർ ജംഗ്ഷനും സ്ഥിരം അപകട മേഖലയാണ്. കുത്തനെയുള്ള ഇറക്കം ഇറങ്ങിവരുന്ന വളവോടെയാണ് മുണ്ടൂർ ജംഗ്ഷനിലേക്ക് ദേശീയപാത എത്തുന്നത്.

2022 ഒക്‌ടോബറിൽ വിനോദയാത്രാ സംഘത്തിന്റെ ബസ് കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒമ്പതുപേ‌ർ മരിച്ച ദേശീയപാത 544ലെ വടക്കഞ്ചേരിയാണ് മറ്റൊരു പ്രധാന അപകടമേഖല. കഴിഞ്ഞ ഒക്ടോബറിൽ സ്കൂളിലേക്ക് നടന്നുപോയ രണ്ട് വിദ്യാ‌ർത്ഥികൾ കാറിടിച്ച് മരിച്ചതും ഇവിടെയാണ്. നടപ്പാതയില്ലാത്തതടക്കം അപകടസാദ്ധ്യത കൂട്ടുന്നു.