"ഹൈന്ദവാചാരത്തിൽ ശവസംസ്‌കാരം നടത്തി കന്യാസ്‌ത്രീ; എന്ത് ജാതി, എന്ത് മതം നമ്മളെല്ലാം ഒന്നുതന്നെ"

Monday 16 December 2024 9:52 AM IST

കരുണാലയത്തിലെ അന്തേവാസിയായ ഹൈന്ദവ സ്ത്രീയുടെ ശവസംസ്‌കാര ക്രിയകൾ നടത്തുന്ന കന്യാസ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. പശ്ചാത്തലമായി മലയാള ഗാനമാണ് കേൾപ്പിക്കുന്നത്. എന്നാൽ ഇത് എവിടെ നിന്നുള്ള ദൃശ്യങ്ങളാണെന്ന് വ്യക്തമല്ല.

"എന്ത് ജാതി ,എന്ത് മതം നമ്മളെല്ലാം ഒന്നുതന്നെ. എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നതാണ് മലയാളികൾ, ഇന്നലെ മരണമടഞ്ഞ കരുണാലയം അന്തേവാസി ശ്രീമതി ചന്ദനയുടെ മൃതശരീരം ഹൈന്ദവ വിധിപ്രകാരം ശവസംസ്കാര ക്രിയകൾ നടത്തുന്ന സിസ്റ്റർ സജിത കരുണാലയം"- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കന്യാസ്‌ത്രീയെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്‌തിരിക്കുന്നത്."ആരോരുമില്ലത്തവരെയും ആർക്കുംവേണ്ടാത്തവരെയും മറ്റുള്ളവരാൽ ഉപേക്ഷിക്കപ്പെട്ടവരെയും വഴികളിൽനിന്നും റെയിൽവേസ്റ്റേഷനുകളിൽനിന്നും കണ്ടെത്തി അവർക്കും അന്തസായി ജീവിക്കാനുള്ള അവകാശമുണ്ടെന്നും, അവരും ദൈവമക്കളാണെന്നും കണ്ടുകൊണ്ട് സ്വന്തം മാതാപിതാക്കളെപ്പോലെ, അല്ലെങ്കിൽ സഹോദരങ്ങളെപ്പോലെ ശുശ്രൂഷിച്ചു. മരണപെട്ടപ്പെട്ടപ്പോൾ അന്തസായ മരണന്തരശുശ്രൂഷകളും നൽകി, നൂറുകണക്കിന് ക്രിസ്ത്യൻ സന്യാസി - സന്യാസിനികൾ ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളിൽ സേവനം ചെയ്യുന്നുണ്ട്. ഇത് അതിൽ ഒന്നുമാത്രം... എല്ലാവർക്കും ഹൃദയത്തിൽനിന്നും ഒരു ബിഗ്‌ സല്യൂട്ട്."- എന്നാണ് ഒരാൾ കമന്റ് ചെയ്‌തിരിക്കുന്നത്.

"പുതിയ തലമുറയ്ക്ക് മാതൃക കാണിച്ച സിസ്‌റ്റ‌റിനെ ഹൃദയത്തിൽ നിന്ന് അഭിനന്ദിക്കുന്നു. എന്തു മതം എന്തു ജാതി. എല്ലാം മനുഷ്യർ. ഒത്തിരി ഇഷ്‌ടപെട്ടു സിസ്റ്ററുടെ കർമ്മ പ്രവൃത്തികൾ. എത്ര അഭിനന്ദിച്ചിട്ടും മതിയാവുന്നില്ല."- എന്നാണ് മറ്റൊരാളുടെ കമന്റ്.