ഞങ്ങളെ താരങ്ങളാക്കിയത് ചാത്തുണ്ണി സാർ: കുടീഞ്ഞോ, വിജയൻ
തൃശൂർ: ' എന്നെ ഐ.എം വിജയനാക്കിയത് ചാത്തുണ്ണി സാറാണ്. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ മൂന്ന് വർഷത്തെ ക്യാമ്പിൽ നിന്നായിരുന്നു എന്റെ വളർച്ച. അന്ന് ആ ക്യാമ്പിലുണ്ടായിരുന്നവരെല്ലാം രാജ്യത്തിനും സംസ്ഥാനത്തിനുമായി കളിച്ചു. ആ കളിക്കാരുടെ വളർച്ചയ്ക്കു പിന്നിലും ചാത്തുണ്ണി സാർ തന്നെയായിരുന്നു. ' ഐ.എം വിജയൻ പറഞ്ഞു.
കേരളത്തിന്റെ സ്വപ്നടീമായിരുന്ന കേരള പൊലീസിന്റെയും ഇന്ത്യൻ ഫുട്ബാളിലെ തലതൊട്ടപ്പന്മാരായ മോഹൻ ബഗാന്റെയും സാൽഗോക്കറിന്റെയും പരിശീലകനായിരുന്ന ടി.കെ. ചാത്തുണ്ണിയുടെ ആത്മകഥയുടെ 'ഫുട്‌ബാൾ മൈ സോൾ' പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഠിനാദ്ധ്വാനമാണ് ഫുട്ബാൾ കളിയിൽ പ്രധാനമെന്നും ടി.കെ ചാത്തുണ്ണി സാർ എന്ന മഹാനായ കോച്ചാണ് എന്നെ ഞാനാക്കിയതെന്നും മുൻ സാൽഗോക്കർ താരം ബ്രൂണോ കുടിഞ്ഞോ പറഞ്ഞു. കേരള പൊലീസായിരുന്നു കേരളത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ദ്രോണാചാര്യ ലഭിക്കാൻ എന്തുകൊണ്ടും അർഹനാണ് ടി.കെ ചാത്തുണ്ണിയെന്ന് ജോപോൾ അഞ്ചേരി പറഞ്ഞു. ബ്രൂണോ കുടീഞ്ഞോ, സി.വി പാപ്പച്ചന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടി.കെ ചാത്തുണ്ണി നൽകുന്ന 50,000 രൂപയുടെ ചെക്ക്, ഉദ്ഘാടനം നിർവഹിച്ച മേയർ അജിത വിജയന് കൈമാറി. കുടീഞ്ഞോ, സി.വി പാപ്പച്ചൻ, ഇന്ത്യൻ ടീം ഫിസിയോ തെറാപ്പിസ്റ്റ് ഡോ. ജിജി ജോർജ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. ഫുട്ബാളിന്റെ മാതൃകയിലുള്ള കേക്ക് മുറിച്ച് ചാത്തുണ്ണിയുടെയും ഭാര്യ സ്വർണലതയുടെയും അമ്പതാം വിവാഹ വാർഷികാഘോഷവും നടത്തി. കേരളവർമ്മ കോളേജിലെ മുൻ കായികാദ്ധ്യാപകൻ എം.സി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. വിക്ടർ മഞ്ഞില, ഇ.എൻ സുധീർ, കുരികേശ് മാത്യു, യു. ഷറഫലി, ടി.എ. ജാഫർ, സി.സി. ജേക്കബ്, ഡേവിസ് മൂക്കൻ തുടങ്ങിയവർ പങ്കെടുത്തു.