സുവർണ ജൂബിലി നിറവിൽ ലീന തീയേറ്റർ

Tuesday 17 December 2024 1:09 AM IST

മലപ്പുറം: കോട്ടക്കലിൽ പ്രവർത്തിക്കുന്ന ലീന തീയേറ്ററിന്റെ 50-ാം വാർഷികം വിപുലമായ പരിപാടികളോടെ 18, 21 തീയതികളിൽ ആഘോഷിക്കും. 'ഭരതം' എന്ന പേരിലാണ് പരിപാടികൾ. ലീന തിയേറ്ററിൽ ആദ്യം പ്രദർശനത്തിനെത്തിയ ചിത്രമായ 1974ൽ പുറത്തിറങ്ങിയ അങ്കത്തട്ട് പ്രദർശിപ്പിച്ചാണ് 18ന് രാവിലെ 10ന് പരിപാടികൾക്ക് തുടക്കമാവുക. തുടർന്ന്, യൂറോപ്യൻ ക്ലാസിക്ക്സ് വിഭാഗത്തിൽപ്പെടുന്ന ബൈസിക്കിൾ തീവ്സ്, ആദ്യ നിയോ റിയലിസ്റ്റിക് ഫിലിം ന്യൂസ് പേപ്പർ ബോയ്, ദേശീയ പുരസ്‌കാരം നേടിയ ചെമ്മീൻ സിനിമകൾ പ്രേക്ഷകർക്കായി സൗജന്യമായി പ്രദർശിപ്പിക്കും.
21ന് രാവിലെ 10 മുതൽ ഒന്ന് വരെ പാട്ടും പിന്നണിയും എന്ന പേരിൽ ചങ്കുവെട്ടി ഹോട്ടൽ റിഡ്ജ്സ് ഇന്നിൽ നടക്കുന്ന പരിപാടിയിൽ ഗാനരചയിതാക്കളായ അൻവർ അലി, റഫീഖ് അഹമ്മദ്, ഹരി നാരായണൻ പങ്കെടുക്കും. വൈകിട്ട് നാല് മുതൽ പി.എം ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ മല്ലിക സുകുമാരൻ, ടി.ജി.രവി, വി.കെ.ശ്രീരാമൻ, നിലമ്പൂർ ആയിഷ, രാമു, ആലങ്കോട് ലീലാകൃഷ്ണൻ, നാദിർഷ തുടങ്ങിയവരേയും ലീനയിലെ ആദ്യകാല ജീവനക്കാരെയും ആദരിക്കും. ഫ്യൂഷൻ കോക്ക് സംഗീത ബാൻഡിന്റെ കലാസന്ധ്യയും അരങ്ങേറും.

വാർത്താസമ്മേളനത്തിൽ എൽ.എച്ച്.ആർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ യു.തിലകൻ, ഡയറക്ടർമാരായ യു.ജയകൃഷ്ണൻ, യു.രാഗിണി, എച്ച്.ആർ ഹെഡ് പോൾസൺ ജോർജ്ജ് പങ്കെടുത്തു.

നാലുകെട്ടിൽ നിന്ന് തുടക്കം

എം.കെ.രാമുണ്ണി നായരാണ് തിയേറ്റർ ആരംഭിച്ചത്.

വളാഞ്ചേരിയിൽ വാങ്ങിയ നാലുകെട്ട് മന പൊളിച്ച് അതിലുണ്ടായിരുന്ന കല്ലും മരവുമെല്ലാം ചേർത്ത് തീയേറ്റർ നിർമ്മിച്ചു.

ആരംഭഘട്ടത്തിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മൂന്നും ബാക്കി ദിവസങ്ങളിൽ രണ്ടും പ്രദർശനങ്ങളായിരുന്നു.

2012ൽ മൾട്ടിപ്ലക്സ് തീയേറ്ററാക്കി. നിലവിൽ രണ്ട് തീയേറ്ററുകളിലായാണ് പ്രദർശനം. അടിയന്തരാവസ്ഥക്കാലത്ത് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ ഏകോപന സമിതി യോഗം ചേർന്ന ഇടം എന്ന അപൂർവ്വ പ്രത്യേകതയും തിയേറ്ററിനുണ്ട്.