കോയമ്പത്തൂർ സ്ഫോടനക്കേസിലെ ഒന്നാം പ്രതി എസ്.എ. ബാഷ നിര്യാതനായി

Tuesday 17 December 2024 2:48 AM IST

ചെന്നൈ: അൽ ഉമ്മ സ്ഥാപകനും കോയമ്പത്തൂർ സ്ഫോടനക്കേസിലെ ഒന്നാം പ്രതിയുമായ എസ്.എ. ബാഷ നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 83 വയസായിരുന്നു. ബാഷയും അൽ-ഉമ്മയിലെ മറ്റ് 16 പേരും 1998 ഫെബ്രുവരി മുതൽ കോയമ്പത്തൂർ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവ് അനുഭവിച്ചുവരികയായിരുന്നു. 2023 ഒക്ടോബർ 19നാണ് താൽക്കാലികമായി പരോൾ നേടിയത്.

കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നതിനാൽ സർക്കാർ പരോൾ നീട്ടി നൽകുകയായിരുന്നു.

1998 ഫെബ്രുവരി 14ന് ആർ.എസ് പുരം മേഖലയിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും തുടർച്ചയായ സ്ഫോടനത്തിൽ 58 പേരുടെ ജീവൻ പൊലിഞ്ഞിരുന്നു. 231 പേർക്ക് അന്ന് ഗുരുതരമായി പരിക്കേറ്റു. എൽ.കെ.അദ്വാനി ആർ.എസ് പുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്നതിന് മുമ്പായിരുന്നു ആക്രമണം.

സംഭവത്തിൽ ബാഷ ഉൾപ്പെടെ 166 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രത്യേക കോടതി 158 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തി. അതിൽ 43 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പിന്നീട് 41 പേർ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ പോയി. അതിൽ ബോംബ് സ്‌ഫോടന സമയത്ത് പ്രായപൂർത്തിയാകാത്തവരായ രണ്ടുപേരെ കോടതി വിട്ടയച്ചിരുന്നു. 17 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 22 പേരെ അന്ന് വെറുതെവിട്ടു.