'ചോദ്യങ്ങൾ തയ്യാറാക്കിയത് മറ്റ് ഓൺലെെൻ പ്ലാറ്റ്ഫോമുകൾ നോക്കി'; ചോദ്യപേപ്പർ ചോർച്ചയിൽ പ്രതികരിച്ച് എംഎസ് സൊല്യൂഷനിലെ ജീവനക്കാരൻ
കോഴിക്കോട്: ക്രിസ്‌മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ വിശദീകരണവുമായി കൊടുവള്ളിയിലെ എംഎസ് സൊല്യൂഷനിലെ ജീവനക്കാരൻ രംഗത്ത്. മറ്റ് ഓൺലെെൻ പ്ലാറ്റ്‌ഫോമുകളിൽ വന്ന സാദ്ധ്യതാ ചോദ്യങ്ങൾ നോക്കിയാണ് തങ്ങൾ വീഡിയോ തയ്യാറാക്കിയതെന്നായിരുന്നു ഒരു ജീവനക്കാരന്റെ പ്രതികരണം.
പരീക്ഷയുടെ തൊട്ടുമുൻപത്തെ ദിവസം രാത്രി ഏഴ് മണിയോടെ മറ്റുള്ളവർ വീഡിയോ തയ്യാറാക്കിയിരുന്നു. അവയെല്ലാം നോക്കി രാത്രി 12 മണിക്ക് ശേഷമാണ് എംഎസ് സൊല്യൂഷൻ വീഡിയോ തയ്യാറാക്കിയത്. അതാണ് കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടാൻ കാരണമെന്നാണ് വിശദീകരണം. ആരോപണം ഉയർന്ന ഇംഗ്ലീഷ് വീഡിയോ തയ്യാറാക്കിയ അദ്ധ്യാപകൻ ഒരു മാദ്ധ്യമത്തോടാണ് ഇക്കാര്യം പറഞ്ഞത്. അന്വേഷണവുമായി സഹകരിക്കുമെന്നും മറ്റ് ഓൺലെെൻ പ്ളാറ്റ്‌ഫോമുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
വൻ വിവാദങ്ങൾക്കൊടുവിലാണ് ചോർച്ചയിൽ ദ്വിദതല അന്വേഷണം പ്രഖ്യാപിച്ചത്. സംഭവത്തിൽ ക്രെെംബ്രാഞ്ച് അന്വേഷണവും വിദ്യാഭ്യാസവകുപ്പിന്റെ ആറംഗസമിതിയുടെ അന്വേഷണവുമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്‌പി കെ.കെ.മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേസെടുക്കുക. പൊതു വിദ്യാഭ്യസ ഡയറക്ടറുടെ പരാതിയിലാണ് ക്രെെംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.
ക്രിസ്‌മസ് പരീക്ഷയിൽ എസ്‌എസ്‌എൽസിയുടെ ഇംഗ്ലീഷ്, പ്ലസ് വണ്ണിന്റെ മാത്തമാറ്റിക്സ് ചോദ്യങ്ങളാണ് യൂട്യൂബിലെത്തിയത്. പരീക്ഷയുടെ തലേന്ന് ചോദ്യം ലീക്കായെന്നും ഉറപ്പായും വരുമെന്നും പറഞ്ഞാണ് അദ്ധ്യാപകൻ ലൈവായി ഈ ചോദ്യങ്ങൾ പറഞ്ഞുകൊടുത്തത്. ചോദ്യപേപ്പർ ചാനലിൽ കാട്ടിയില്ലെങ്കിലും ചോദ്യങ്ങളുടെ ക്രമംപോലും തെറ്റാതെയായിരുന്നു ലൈവ്. വിദ്യാർത്ഥികൾ അദ്ധ്യാപകരോട് ഇതിൽ പലചോദ്യങ്ങളുടെയും ഉത്തരങ്ങൾ ചോദിച്ചിരുന്നു. പിറ്റേന്ന് ചോദ്യപേപ്പർ കണ്ടപ്പോൾ സംശയംതോന്നിയ അദ്ധ്യാപകരാണ് ചോർച്ച പുറത്തുവിട്ടത്. പിന്നാലെ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ സി.മനോജ്കുമാർ പൊലീസിൽ പരാതിനൽകി. വിവാദമായതോടെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡി.ജി.പിക്കും സൈബർ സെല്ലിലും പരാതി നൽകുകയായിരുന്നു. ഈ പരാതി ഡി.ജി.പി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.